Friday 27 December 2013

ARTICLE PUBLISHED IN MIDDLE EAST NEWS PAPER "MALAYALAM NEWS "ABOUT SEXUAL HARASSMENT IN WORK PLACES
തൊഴിലിടങ്ങളിൽ സ്ത്രീകൾ സുരക്ഷിതരോ???

ജൂനിയർ അഭിഭാഷകയെ പീഡിപ്പിക്കപ്പെട്ടു എന്ന കേസിൽ വിവാദ പുരുഷനായ ജസ്റ്റിസ്‌ എ .കെ ഗാംഗുലി തൻറെ മുൻ  സഹപ്രവർത്തകനും സുപ്രീം കോടതി ചീഫ് ജസ്റ്റിസും  ആയ പി .സദാശിവത്തിന് രണ്ടു നാൾ മുൻപെഴുതിയ കത്തിൽ താൻ നിരപരാധിയാണെന്നും പെണ്‍കുട്ടി കെട്ടിച്ചമച്ചതാണ് പീഡന കഥയെന്നും പറയുകയുണ്ടായി .
                എട്ടു പേജ് ഉള്ള കത്തിൽ ഗാംഗുലി തൻറെ നിരപരാധിത്വം വെളിപ്പെടുത്തുകയും 'സത്യം' തന്നെ രക്ഷിക്കുമെന്ന് വിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.ഗാംഗുലിയുടെ വിശ്വാസം അദേഹത്തെ രക്ഷികട്ടെ .ഈ വിവാദത്തിന്റെ അലയടികല്കിടയിൽ തന്നെയായിരുന്നല്ലോ തരുണ്‍ തേജ്പാൽ പ്രശ്നവും നമ്മുടെ സാമൂഹിക ജീവിതത്തെ ഇളക്കി മറിച്ചത്.              
                 അന്വേഷണാത്മക പത്ര പ്രവർത്തനത്തിന്റെ കുലപതിയായ തരുണ്‍ തേജ്പാൽ ഇന് നേരെ ഉയർന്ന ലൈംഗിക  ആരോപണം അദ്ദേഹത്തിന്റെ പത്ര പ്രവര്ത്തന ജീവിതത്തിനും അദ്ദേഹം പടുത്തുയർത്തിയ തെഹല്ക എന്ന പത്ര സാമ്രാജ്യതിന്റെയും  മരണ മണി മുഴക്കി ."വാളെടുത്തവൻ വാളാൽ " എന്ന പഴ മൊഴിയും എവിടെ അന്വര്തമാക്കപ്പെടുന്നു  . ഒളി ക്യാമറ പത്ര പ്രവര്ത്തനത്തിന്റെ  പേരിൽ സ്ത്രീ ശരീരം കാഴ്ച വച്ച് വാര്തയുണ്ടാകിയ  മാധ്യമ സ്ഥാപനമാണ്‌ തെഹല്ക .അധാര്മ്മികമായി വാർത്തയ്ക്ക് പിറകെ പായുന്ന ഒരു മാധ്യമ സംസ്കാരത്തിന്റെ തുടക്കവും തെഹല്കയിൽ നിന്നായിരുന്നു .തേജ്പാൽ സംഭവം വിരൽ ചൂണ്ടുന്ന മറ്റൊരു പ്രധാന വിഷയം തൊഴിൽ സ്ഥലങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമാങ്ങളാണ് .തെഹല്ക കേസിലെ പരാതികാരിയുടെ വാക്കുകളിലേക് "എൻറെ ശരീരം എനിക്ക് മാത്രം സ്വന്തം അത് തൊഴിലുടമയുടെ കളിപ്പാട്ടമല്ല "

             ഇതോടൊപ്പം കൂട്ടി വായിക്കാവുന്ന മറ്റൊരു സംഭവമാണ് സുപ്രീം കോടതി ജഡ്ജിയുടെ കൂടെ പരിശീലനതിനെത്തിയ നിയമ വിദ്യാർത്ഥിയോട് ലൈംഗിക അതിക്രമം കാണിച്ച ന്യായാധിപന്റെ പ്രവർത്തി.ഒരു ബ്ലോഗിലെഴുതിയ ലേഖനത്തിലൂടെ പ്രസ്തുത സംഭവം വെളിച്ചം കാണുകയും പിന്നീട് സുപ്രീം കോടതി ജഡ്ജിമാരുടെ മൂന്നംഗ പാനലിനു മുന്നില്  ആരോപണ വിധേയനായ ന്യയാധിപൻ ജസ്റ്റിസ്‌ എ .കെ ഗാംഗുലി ആണെന്ന് പരാതിക്കാരി പെണ്‍കുട്ടി വെളിപ്പെടുത്തുകയും ചെയ്തു.2 ജി സ്പെക്ട്രം കേസിൽ വിധിയെഴുതി ചരിത്രത്തിൽ ഇടം പിടിച്ച ന്യയാധിപൻ ആണ് ജസ്റ്റിസ്‌ എ.കെ ഗാംഗുലി.

             തൊഴിൽ സ്ഥലങ്ങളിലെ ലൈംഗിക പീഡനം തടയുന്നതിനായി സുപ്രീം കോടതി വിശാഖ V സ്റ്റേറ്റ് ഓഫ് രാജസ്ഥാൻ (AIR 1997 SC 3011)  എന്ന കേസിൽ ചില മാർഗനിർദേശങ്ങൾ മുന്നോട്ടു വയ്ക്കുകയുണ്ടായി .മാർഗ നിർദേശങ്ങളിൽ കടക്കും മുൻപ് ഈ കേസിൽ കോടതി ലൈംഗിക പീഡനത്തിന് നൽകിയ നിർവചനം ഒന്ന് പരിശോധിക്കാം .ലൈംഗിക പീഡനം എന്നാൽ സ്വഗതാർഹം അല്ലാത്ത പ്രത്യക്ഷവും പരോക്ഷവും ആയ താഴെ പറയുന്ന തരത്തിലുള്ള പെരുമാറ്റങ്ങലാനു.
എ.ശാരീരിക സംപർകങ്ങളും നീക്കങ്ങളും.
ബി.ലൈംഗിക ആനുകൂല്യത്തിനു വേണ്ടിയുള്ള അവശ്യപെടലോ  അപേക്ഷികലോ.
സി.ലൈംഗിക ചുവയുള്ള അഭിപ്രായ പ്രകടനങ്ങൾ .ഡി.അശ്ലീലം പ്രദർശിപ്പിക്കൽ
ഇ. ശാരീരികം ആയതോ വാക്കാലുള്ളതോ വാക്കുകൾ കൊണ്ടല്ലാതതോ  ആയ ലൈംഗിക സ്വഭാവമുള്ള മറ്റു പെരുമാറ്റങ്ങൾ.
      ഇത്തരം ലൈംഗിക പീഡനങ്ങൾ തടയാനായി കോടതി താഴെ പറയുന്ന മാർഗ നിർദേശങ്ങൾ ആവിഷ്കരികുകയുണ്ടായി
1.മുകളിൽ വിവരിച്ച  പ്രകാരമുള്ള ലൈംഗിക പീഡനം  വിലക്കികൊണ്ട് ഉചിതമായ രീതിയിൽ വിജ്ഞാപനം ചെയ്യുകയും ആയത് പ്രസീദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക
2. സര്ക്കാരിന്റെയും പൊതു മേഖല സ്ഥാപനങ്ങളുടെയും ചട്ടങ്ങളിലും മറ്റും ലൈംഗിക പീഡനം നിരോധിച്ചു കൊണ്ടുള്ള വ്യവസ്ഥകളും കുറ്റക്കാർക്ക്തക്കതായ ശിക്ഷകൾ നല്കുന്നതിനുള്ള വ്യവസ്ഥകളും ഉൾപെടുതെണ്ടതാണ്.
3.സ്വകാര്യ തൊഴിലുടമകളെ ബന്ധിക്കാനായി 1946 ലെ Industrial Employment (Standing orders ) Act അനുസരിച്ചുള്ള standing order കളിൽ ലൈംഗിക പീഡന നിരോധന വ്യവസ്ഥകൾ ഉള്പെടുത്താൻ വേണ്ട നടപടികൾ സ്വീകരികെണ്ടാതാണ് .
4.തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക്  പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകാനായി ജോലി,ശുചിത്വം ,വിശ്രമം എന്നിവ സംബന്ധിച്ച് ഉചിതമായ തൊഴിൽ സാഹചര്യങ്ങൾ സൃഷ്ടിക്കുക.
5.യാതൊരു സ്ത്രീ ജീവനകാരിക്കും തൻറെ തൊഴിലിനെ സംബന്ധിച്ച് പ്രതികൂലമായ അവസ്ഥ ഉണ്ടെന്നു വിശ്വസിക്കാൻ ന്യായമായ കാരണങ്ങൾ ഇല്ലാതിരിക്കുക .
6.തൊഴിൽ ഇടങ്ങളിൽ  പരാതി കമ്മിറ്റി രൂപീകരിക്കുക .ഇത്തരം കമ്മിറ്റിയുടെ  അധ്യക്ഷ സ്ത്രീ ആയിരിക്കണം എന്നും പകുതിയിൽ കൂടുതൽ അംഗങ്ങൾ സ്ത്രീകൾ ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട്

വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ വെറും കടലാസ് പുലികൾ ആയി മാറി.2012 ൽ Human  Rights  Watch  Network എന്ന സംഘടന ഫയൽ ചെയ്ത മേധാ കൊത്വൽ ലീല V യുണിയൻ ഓഫ് ഇന്ത്യ (2013) 1 SCC 297 എന്ന പൊതു താല്പര്യ ഹർജിയിൽ .പല സംസ്ഥാനങ്ങളും വിശാഖ മാർഗ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ പരാജയപ്പെട്ടതായി കണ്ടെത്തി .ഈ കേസിൽ സുപ്രീം കോടതി  വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ അതിന്റെ ശരിയായ സാരത്തിലും അർത്ഥത്തിലും നടപ്പാക്കി തൊഴിൽ സ്ഥലങ്ങളിലെ സ്ത്രീകളുടെ അന്തസ്സും  മാന്യതയും  കാത്തു സൂക്ഷിക്കണമെന്ന് വ്യക്തമാക്കുകയുണ്ടായി.

        ഇത്തരം സാഹചര്യത്തിൽ ഒരു നിയമം അനിവാര്യമാണെന്ന് മനസ്സിലായതിനെ തുടർന്ന് 2013 ഏപ്രിൽ 23 നു ഇന്ത്യൻ പാർലമെന്റ് തൊഴിൽ ഇടങ്ങളിൽ ലൈംഗിക പീഡനം (പ്രതിരോധം ,നിരോധനം ,തടയൽ )നിയമം ,2013 പാസ്സാക്കുകയുണ്ടായി . വിശാഖ കേസിലെ മാർഗ നിർദേശങ്ങൾ കുറച്ചു കൂടി വിശാലമായി ഈ നിയമത്തിൽ പരിഗണിക്കപ്പെടുന്നു . ഉദാഹരണമായി ഗാർഹിക ജോലി ചെയ്യുന്ന സ്ത്രീകളെ കൂടി നിയമത്തിന്റെ പരിധിയിൽ ഉൾപെടുത്തി .അതുപോലെ തൊഴിൽ ദാതാവിന്റെ നിർവചനതിലും സ്വകാര്യ മേഖലയെയും പൊതു മേഖലയെയും സഹകരണ മേഖലയെയും ഉൾപെടുത്തി നിർവചനത്തെ കൂടുതൽ  വ്യാപ്തമാക്കി.

       പരാതി നൽകാനായി സുസജ്ജമായ ഒരു സംവിധാനം ഒരുക്കി എന്നതാണ് ഈ നിയമത്തിന്റെ പ്രധാന സവിശേഷത . നിയമം നാലാം വകുപ്പനുസരിച്ച് തൊഴിലിടങ്ങളിൽ Internal  Complaints  കമ്മിറ്റി (ICC )  യും ആറാം വകുപ്പനുസരിച്ച് ജില്ല അടിസ്ഥാനത്തിൽ Local   Complaints  commitee  (LCC ) യും രൂപീകരികേണ്ടതാണ്.പത്തിൽ കൂടുതൽ സ്ത്രീകൾ   തൊഴിലെടുക്കുന്ന എല്ലാ തൊഴിൽ സ്ഥാപനങ്ങളിലും ICC രൂപീകരികേണ്ടതാണ്.ICC  യിൽ കുറഞ്ഞത്‌ നാല് അംഗങ്ങൾ എങ്കിലും ഉണ്ടായിരികേണ്ടതും അധ്യക്ഷ മുതിർന്ന സ്ഥാനം വഹിക്കുന്ന വനിത ആയിരിക്കണം എന്നും വ്യവസ്ഥയുണ്ട് . സംഭവം നടന്നു മൂന്നു മാസത്തിനകം പരാതി നല്കേണ്ടതാണ്. മതിയായ കാരണങ്ങളുണ്ട് എങ്കിൽ ഈ കാലാവധി ഉയർത്തി നൽകാവുന്നതാണ്‌.പരാതി ലഭിച്ചു കഴിഞ്ഞാൽ ICC അതിൻ മേൽ അന്വേഷണം നടത്തേണ്ടതും 90 ദിവസത്തിനകം അന്വേഷണം പൂർത്തിയാകേണ്ടതും ആണ് .തുടർന്ന് പ്രഥമ   ദ്രിഷ്ട്യ(Prima  facie  )   കേസ് ഉണ്ടെന്നു തെളിഞ്ഞാൽ പരാതി പോലീസിന് അയച്ചു കൊടുത്തു ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ച് കേസ് രജിസ്റ്റർ ചെയ്യേണ്ടതാണ്.പരാതിക്കാരി ICC ക്ക് മുന്നില് നല്കിയ പരാതി ശരിയാണെന്ന്  കണ്ടെത്തിയാൽ എതിര്കക്ഷിക് എതിരെ സർവീസ് റൂൾ അനുസരിച്ചോ അല്ലെങ്കിൽ ഈ നിയമം അനുസരിച്ചോ നടപടി എടുക്കാനും കൂടാതെ  പരാതിക്കാരിക്കോ അവരുടെ അവകാശികൽകോ  യുക്തമായ നഷ്ടപരിഹാരം എതിർകക്ഷിയുടെ വേതനത്തിൽ നിന്നോ ശമ്പളത്തിൽ നിന്നോ പിടിച്ചെടുക്കാനും
വേണ്ട നിർദേശങ്ങൾ തൊഴിലുടമയ്ക് നൽകാവുന്നതാണ്.ഇത്തരം നിർദേശങ്ങൾ തൊഴിലുടമ 60 ദിവസത്തിനകം പാലികെണ്ടാതാണ് .ഇത്തരം നിർദ്ദേശം അനുസരിക്കാത്ത തൊഴിലുടമയ്ക് 50,000/- രൂപ പിഴ വിധിക്കാവുന്നതും കുറ്റം ആവർത്തിച്ചാൽ ഇരട്ടി പിഴ ചുമത്താവുന്നതും സ്ഥാപനത്തിന്റെ ലൈസൻസോ രജിസ്റ്റർറേഷനോ റദ്ദാക്കാ വുന്നതുമാണ് .

                പാർലമെന്റ് ഇത്തരത്തിൽ തൊഴിലിടങ്ങളിൽ സ്ത്രീകളെ സംരക്ഷിക്കാൻ നിയമം പാസ്സാക്കിയെങ്കിലും പ്രസ്തുത നിയമം വിജ്ഞാപനം ചെയ്യാത്തതിനാൽ നാളിന്നു വരെ പ്രാബല്യത്തിൽ വന്നിട്ടില്ല   എന്നത് നമ്മുടെ ഭരണ കർത്താക്കളുടെ കെടു കാര്യസ്ഥതയ്കു ഉത്തമോദാഹരണം ആണ് .തൊഴിലിടങ്ങളിൽ ലൈംഗിക പീഡനം വര്ദ്ധിച്ചു വരുന്ന സമകാലിന സാഹചര്യത്തിൽ  ഈ നിയമം സ്ത്രീകള്ക് കരുത്തും പ്രത്യാശയും നൽകട്ടെ.                         .                         .                                                                








































Thursday 12 December 2013


ARTICLE PUBLISHED IN "MALAYALAM NEWS" DATED 12.12.13 ABOUT HOMOSEXUAL RELATIONSHIPS

Wednesday 4 December 2013

Monday 2 September 2013

വിവരാവകാശ നിയമം


വിവരാവകാശ നിയമം

Adv Nisa Fasil

- നിസ ഫാസില്‍ (അഡ്വക്കറ്റ്)

ശ്രീ. സരോജിനി അമ്മയുടെ ഭര്‍ത്താവ് സര്‍വ്വിസിലിരിക്കെ മരണമടഞ്ഞു.തുടര്‍ന്ന് ആശ്രിത ജോലിക്കും മറ്റാനുകൂല്യങ്ങള്‍ക്കുമായി അപേക്ഷ സമര്‍പ്പിച്ചു .മാസങ്ങള്‍ കഴിഞ്ഞിട്ടും ഫലമുണ്ടായില്ല എന്ന് മാത്രമല്ല താന്‍ കൊടുത്ത അപേക്ഷയെ കുറിച്ചന്യോക്ഷിച്ചപ്പോള്‍ ഉദ്യോഗസ്ഥന്‍മാര്‍ പരിഹസിച്ചു വിട്ടു .ഇതുപോലെ തന്നെ പാസ്പോര്‍ട്ടിന്‍റെ ആവശ്യത്തിനായി സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററിന്‍റെ കോപ്പിക്കായെത്തിയ റോബര്‍ട്ടിനോട് സ്കൂള്‍ പ്രിന്‍സിപ്പല്‍ കയര്‍ത്തു കയറി .ഇങ്ങനെ തങ്ങള്‍ക്കാവശ്യമായ വിവരങ്ങള്‍ ലഭിക്കാന്‍ ജനങ്ങള്‍ ബുദ്ധിമുട്ടാന്‍ തുടങ്ങി.
വിവരാവകാശം മനുഷ്യന്‍റെ ഏറ്റവും മൂല്യമുള്ള മനുഷ്യാവകാശങ്ങളിലൊന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിലെ ജനങ്ങള്‍ക്ക് തങ്ങളെ സംബന്ധിക്കുന്ന ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഒരു പ്രത്യേക നിയമം തന്നെ പാസ്സാക്കേണ്ടി വന്നു. ചുവപ്പുനാടയും സ്വജനപക്ഷപാതവും ഉദ്യോഗസ്ഥ ധാര്‍ഷ്ട്യവും വിവരങ്ങള്‍ ജനങ്ങള്‍ക്കന്യമാക്കി .ആഗോളതലത്തില്‍ 90 രാജ്യങ്ങള്‍ വിവരാവകാശം നല്‍കുന്നുണ്ട്. ആ പട്ടികയില്‍ 55—മതായിട്ടാണ് ഇന്ത്യ സ്ഥാനം പിടിച്ചത്.
2005 ല്‍ നിലവില്‍ വന്ന വിവരാവകാശ നിയമമനുസരിച്ച് പബ്ലിക്‌ അതോറിറ്റികള്‍ രേഖകളിലും ഇലക്ട്രോണിക് റിക്കോഡുകളിലും ,കരാറുകളിലും ,റിപ്പോര്‍ട്ടുകളിലും മറ്റുമുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കണം.എന്നനുശാസിക്കുന്നു. എന്നാല്‍ ഈ നിയമത്തിലെ എട്ടാം വകുപ്പു പ്രകാരം ഇന്ത്യയുടെ പരമാധികാരത്തെയോ,സുരക്ഷിതത്ത്വത്തെയോ ബാധിക്കുന്നതും കോടതിയലക്ഷ്യമായി മാറുന്നതും വ്യക്തിയുടെ സ്വകാര്യതയെ ഭന്ജിക്കുനതും — ബൗദ്ധികസ്വത്ത് വാണിജ്യ രഹസ്യങ്ങള്‍ മുതലായവയും വിവരാവകാശ നിയമമനുസരിച്ച് വെളിപ്പെടുത്തേണ്ടതല്ലാത്തതാണ്.
ഈ നിയമമനുസരിച്ച് നിയമിക്കപ്പെടുന്ന പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വ്യക്തികളില്‍ നിന്നും ലഭിക്കുന്ന അപേക്ഷകള്‍ വാചികമായിട്ടാണെങ്കില്‍അതിനെ എഴുത്തുരൂപത്തിലാക്കാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണം. കൂടാതെ ലഭിക്കുന്ന അപേക്ഷ ടി ഉദ്യോഗസ്ഥന്‍റെ കര്‍മ്മമേഖലയ്ക്ക് പുറത്താണെങ്കില്‍ ബന്ധപ്പെട്ട ആള്‍ക്ക് കൈമാറ്റം ചെയ്യണം. പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ അപേക്ഷ ലഭിച്ച് –30 ദിവസത്തിനകം വിവരം ലഭ്യമാക്കണം . ഒരു വ്യക്തിയുടെ സ്വത്തിനോ ജീവനോ ഭീക്ഷണിയുണ്ടാക്കുന്ന വിവരമാണെങ്കില്‍ അപേക്ഷ ലഭിച്ച് 48 മണിക്കൂറിനകം വിവരം നല്‍കണം. വിവരാവകാശത്തിനുള്ള അപേക്ഷ നിരസിക്കുകയാണെങ്കില്‍ അതിനുള്ള കാരണവും അതിന്‍മേല്‍ അപ്പീല്‍ നല്‍കേണ്ട അതോറിറ്റിയെ ക്കുറിച്ചും അപേക്ഷകന് വേണ്ട വിവരം നല്‍കണം.വിവരാവകാശനിയമമനുസരിച്ച് ആവശ്യപ്പെട്ട രേഖയുടെ ഒരു ഭാഗം മാത്രമേ വിവരാവകാശനിയമമനുസരിച്ച് നല്‍കാന്‍ നിര്‍വ്വാഹമുള്ളെങ്കില്‍ ആ വിവരം അപേക്ഷകനെ അറിയിച്ച ശേഷം ഭാഗികവിവരം നല്‍കാവുന്നതാണ്.
വിവരാവകാശം ആവശ്യപ്പെട്ടിരിക്കുന്നത് മൂന്നാമതൊരാളിനെ സംബന്ധിച്ചാണെങ്കില്‍ ആ വ്യക്തിക്ക് അപേക്ഷ ലഭിച്ച് 5 ദിവസത്തിനകം നോട്ടീസ് നല്‍കണം.അതിനു ശേഷം പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുമ്പാകെ ഹാജരാകാന്‍ അദ്ദേഹത്തിന് 10 ദിവസത്തിനകം സമയം നല്‍കണം. അദ്ദേഹത്തെ കൂടി കേട്ട ശേഷമേ ടിയാളെ സംബന്ധിച്ചു വിവരം നല്‍കാവു.
ഈ നിയമത്തിന്‍റെ ഏഴാം വകുപ്പനുസരിച്ച് ഏതൊരു പൗരനും വിവരം ലഭ്യമാക്കാനായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ് .ബന്ധപ്പെട്ട വകുപ്പിലെ പബ്ലിക്‌ . പബ്ലിക്‌ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്കോ നിശ്ചിത ഫീസിനോടൊപ്പം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. വിവരാവകാശ റൂള്‍ അനുസരിച്ച് 10 രൂപയാണ് ഫീസ്‌. ഫീസ്‌ കോര്‍ട്ട്ഫീസ്‌ സ്റ്റാമ്പ്‌ ആയി അപേക്ഷയില്‍ പതിപ്പിച്ചിരുന്നാല്‍ മതി. പിന്നീട് വിവരം നല്‍കുമ്പോള്‍ പേപ്പറൊന്നിന് 2 രൂപ ഫീസ് നല്‍കണം .വിവരം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെങ്കില്‍ ആദ്യത്തെ ഒരു മണിക്കൂറിന് ഫീസില്ല. പിന്നീടുള്ള ഓരോ മണിക്കൂറിനും5 രൂപ വീതം ഫീസ്‌ നല്‍കണം ‘ CD’ യിലോ ‘ Floppy’ യിലോ വിവരം ലഭ്യമാകണമെങ്കില്‍ ‘ CD’ അല്ലെങ്കില്‍ ‘ Floppy’ ഒന്നിന് 50രൂപ വച്ച് നല്‍കണം.
ഈ നിയമമനുസരിച്ച് വിവരാവകാശകമ്മീഷനുകളും കേന്ദ്രവിവരാവകാശകമ്മീഷനും സ്ഥാപിച്ചിട്ടുണ്ട്. ഇന്‍ഫര്‍മേഷന്‍ ഓഫീസര് അപേക്ഷ നിരസിച്ചാല്‍ അദ്ദേഹത്തിന്‍റെ മേലുദ്യോഗസ്ഥന്‍ മുമ്പാകെ 30 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാം. അദ്ദേഹത്തിന്‍റെ തീരുമാനത്തിനെതിരെ സംസ്ഥാന or കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ 90 ദിവസത്തിനകം അപ്പീല്‍ ബോധിപ്പിക്കാം.
ഈ നിയമമനുസരിച്ച് അപേക്ഷ സ്വീകരിക്കാതിരിക്കല്‍ ,അപേക്ഷ ലഭിച്ചശേഷം കാരണങ്ങളില്ലാതെ വിവരം നല്‍കാന്‍ താമസിക്കല്‍ ,വിവരം ദുരുദ്ദേശപരമായി നല്‍കാതിരിക്കല്‍ ,തെറ്റായതും അപൂര്‍ണ്ണമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങള്‍ നല്‍കല്‍ ഇവയെല്ലാം തന്നെ 20—വകുപ്പു പ്രകാരം കുറ്റകരമാണ്.ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്‍ പ്രതിദിനം 250 രൂപയോ 25000 രൂപ വരെയോ പിഴ നല്‍കാവുന്നതാണ്.
വിവരാവകാശനിയമം ശരിയായ അര്‍ത്ഥത്തില്‍ പ്രായോഗികമാക്കാന്‍ വിവരാവകാശ അവബോധം ജനങ്ങളുടെ മനസ്സിലുണ്ടാകണം.അതിനായി കര്‍ണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ ചെയ്തതു പോലെ ഈ നിയമം സ്ക്കൂള്‍ സിലബസിലുള്‍പ്പെടുത്തുകയും അവബോധ ക്ലാസ്സുകള്‍ സംഘടിപ്പിക്കുകയും ചെയ്യണം.

Thursday 20 June 2013

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?

 


ഗര്‍ഭസ്ഥ ശിശു അമ്മയുടെ മാത്രമോ?
കഴിഞ്ഞ ദിവസങ്ങളില്‍ ലോകമനസ്സാക്ഷിക്കു മുന്നില്‍ തീരാകണ്ണീരായി മാറിയ അയര്‍ലണ്ടില്‍ പ്രവാസിയായ ഇന്ത്യന്‍ ഡോക്ടര്‍ സവിത ഹാലപ്പനോവയുടെ മരണം ഒരു പ്രധാന ചോദ്യത്തിലേക്ക് നയിക്കുന്നു. ഗര്‍ഭസ്ഥ ശിശുവിന്‍റെ പൂര്‍ണ്ണമായ അവകാശി ആര്? കൂടാതെ തന്‍റെ ഉള്ളില്‍ വളരുന്ന ജീവനെ സ്വന്തം ജീവന്‍ ബലികൊടുത്തും സംരക്ഷിക്കാന്‍ അമ്മ ബാധ്യസ്ഥയോ? 

ഡോക്ടര്‍ സവിതയുടെ കാര്യത്തില്‍ ഗര്‍ഭസ്ഥ ശിശു മരണപ്പെട്ടു എന്ന് സ്ഥിതീകരിച്ചിട്ടും ഗര്‍ഭച്ഛിദ്രം നടത്താതിനാല്‍ ആയതു വിഷമയമാകുകയും, വിഷം സവിതയുടെ ശരീരത്തില്‍ പ്രവേശിച്ചു മരണ കാരണമാവുകയും ചെയ്തിട്ടുള്ളതാണ്‌..ഡോക്ടര്‍ സവിത പ്രവാസ ജീവിതം നയിച്ച്‌ വന്നിരുന്ന അയര്‍ലണ്ടില്‍ ഗര്‍ഭചിത്രം നിയമപരമായി സാധ്യമല്ലാത്തതിനാല്‍ തൊട്ടടുത്ത ഇംഗ്ലണ്ടില്‍ പോയാണ് ആവശ്യക്കാര്‍ ഗര്‍ഭച്ഛിദ്രം നടത്തി വന്നിരുന്നത്. എന്നാല്‍ കിടക്കയില്‍ നിന്ന് എണീക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ രോഗാതുരയായ സവിത ഈ കിരാത നിയമത്തിനു മുന്നില്‍ സ്വന്തം ജീവിതം ബലിയര്‍പ്പിക്കുകയല്ലാതെ നിര്‍വ്വാഹമില്ലാത്ത അവസ്ഥയിലെത്തി.

മതപരമായ വിലക്കുകള്‍ നിയമത്തിലുപരിയായി ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്നു. പ്രത്യേകിച്ചും കത്തോലിക്കന്‍ രാജ്യങ്ങളില്‍ . എന്നാല്‍ അമ്മയുടെ ജീവന് വിലപറയത്തക്ക രീതിയില്‍ ആയതു എത്തി നില്‍ക്കുന്നു എന്നത് മനുഷ്യാവകാശങ്ങളുടെ ,പ്രത്യേകിച്ച് അമ്മയുടെ ജീവിക്കാനുള്ള അവകാശങ്ങളിലേയ്ക്കുള്ള , കടന്നു കയറ്റമാണ്.

അമേരിക്കന്‍ സുപ്രീം കോടതി 1973 ലെ സുപ്രധാന വിധിന്യായമായ റോ V വെയ്ഡ് (Roe v. Wade ) എന്നകേസില്‍ സ്ത്രീക്ക് ആവശ്യമെങ്കില്‍ ഗര്‍ഭം ധരിച്ച് മൂന്നു മാസത്തിന്നകം ഗര്‍ഭച്ഛിദ്രം നടത്താം എന്ന് വ്യക്തമാക്കുകയുണ്ടായി.



ഇന്ത്യയില്‍ ഇന്ത്യന്‍ ശിക്ഷാനിയമവും മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 ഉം ആണ് പ്രധാനമായും ഗര്‍ഭച്ഛിദ്രത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍. ... ഇന്ത്യന്‍ ശിക്ഷാ നിയമം 312,313 വകുപ്പുകള്‍ ഗര്‍ഭച്ഛിദ്രത്തെ പ്രതിപാദിക്കുന്നു . 312 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ ആരോഗ്യ സംരക്ഷണത്തിനായി ഉത്തമ വിശ്വാസത്തോടെയല്ലാത്ത ഗര്‍ഭച്ഛിദ്രം ശിക്ഷാര്‍ഹമാണ്. കുഞ്ഞിനു ചലന ശേഷി ഉണ്ടെങ്കില്‍ 7 വര്‍ഷവും അല്ലാത്ത സാഹചര്യത്തില്‍ 3 വര്‍ഷവുമാണ് തടവ്‌ ശിക്ഷ. ഈ വകുപ്പിന്റെ വിശദീകരണമനുസരിച്ച് സ്വമേധയാ ഗര്‍ഭച്ഛിദ്രം നടത്തുന്ന സ്ത്രീയും ഈ നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും. 313 ആം വകുപ്പനുസരിച്ച് സ്ത്രീയുടെ സമ്മതമില്ലാതെയുള്ള ഗര്‍ഭച്ഛിദ്രം 10 വര്ഷം തടവ്‌ മുതല്‍ ജീവ പര്യന്തം തടവ്‌ വരെ ശിക്ഷ ലഭിക്കാവുന്നതാണ്. എന്നാല്‍ അമ്മയുടെ ജീവന് ഹാനി സംഭവിക്കുന്ന എല്ലാ സാഹചര്യങ്ങളിലും ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. 

ശാസ്ത്ര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഗര്‍ഭസ്ഥ ശിശുവിന്‍റെ ലിംഗ നിര്‍ണ്ണയം സാധ്യമാക്കിയതോടെ പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കുക എന്ന പ്രവണത ഒരു വിപത്തായി മാറിയതിനെ തുടര്‍ന്നാണ്‌ മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നെന്സി ആക്റ്റ് 1971 പാസ്സാക്കിയത്. ഈ നിയമമനുസരിച്ച് താഴെ പറയുന്ന കാരണങ്ങള്‍ക്ക് 20 ആഴ്ച പൂര്‍ത്തിയാക്കിയിട്ടില്ലെങ്കില്‍ ഗര്‍ഭച്ഛിദ്രം നടത്താവുന്നതാണ്. 

1. മാനസികമായോ ശാരീരികമായോ സ്ത്രീയുടെ ആരോഗ്യത്തിനു ഭീഷണിയായിട്ടുള്ള ഗര്‍ഭം. 
2. ഗര്‍ഭസ്ഥ ശിശുവിന്‍റെ ശാരീരികമോ മാനസികമോ ആയ വൈകല്യം. 
3. ബലാല്‍സംഘത്തിന്റെ ഫലമായുള്ള ഗര്‍ഭം. 
4. പതിനെട്ടു വയസ്സില്‍ താഴെ പ്രായമുള്ള അവിവാഹിതരുടെ ഗര്‍ഭം. 
5. മാനസിക രോഗമുള്ളവരുടെ ഗര്‍ഭം. 
6. കുടുംബാസൂത്രണത്തിന്‍റെ പരാജയം മൂലം ഉണ്ടായ ഗര്‍ഭം.

നികേത മേത്ത കേസില്‍ 23 ആഴ്ചയായി എന്ന ഒറ്റ കാരണത്താല്‍ ഗുരുതരമായ ഹൃദയ വൈകല്യമുള്ള ശിശുവിന്‍റെ ഗര്‍ഭച്ഛിദ്രം മുംബൈ ഹൈ കോടതി അനുവദിച്ചില്ല. എന്നാല്‍ ഇത്തരം സാഹചര്യങ്ങളില്‍ ഗര്‍ഭച്ഛിദ്രം അനിവാര്യമാണെങ്കില്‍ അനുവദിക്കത്തക്ക രീതിയില്‍ നിയമം ഭേദഗതി ചെയ്യണമെന്നു കോടതി അഭിപ്രായപ്പെട്ടു.

ഇന്ത്യയില്‍ ഉപാധികളോടെയുള്ള ഗര്‍ഭച്ഛിദ്രം അനുവദനീയമാണ്. കൂടാതെ അമ്മയുടെ ജീവന് ഭീഷണിയാകുന്ന എല്ലാ സാഹചര്യങ്ങളിലും നിയമം ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നു. 

എന്നാല്‍ നിയമം നേരിടുന്ന പ്രധാന ചോദ്യങ്ങള്‍ ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമോ? ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം കുത്തകയോ? എന്നതാണ് . സ്ത്രീപക്ഷ സംഘടനകള്‍ ഗര്‍ഭച്ഛിദ്രം അമ്മയുടെ മാത്രം അവകാശമാണെന്ന വാദത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. നിയമങ്ങള്‍ എല്ലാം അത്യാവശ്യ ഘട്ടങ്ങളില്‍ പങ്കാളിയുടെ അനുവാദമില്ലാതെ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രം നടത്താം എന്ന നിലപാടിലാണ്. ചുരുക്കിപ്പറഞ്ഞാല്‍ അലിഖിതമായി ഗര്‍ഭസ്ഥ ശിശു അമ്മയുടെ സ്വന്തമായി തുടരുന്നു.

Wednesday 12 June 2013

അവഗണിക്കപ്പെടുന്ന വാര്‍ദ്ധക്യത്തിന് നിയമസംരക്ഷണമുണ്ട്

അവഗണിക്കപ്പെടുന്ന വാര്ദ്ധക്യത്തിന്
നിയമസംരക്ഷണമുണ്ട്

ഇന്ത്യന് സംസ്ക്കാരത്തിന്റെ എടുത്തു പറയത്തക്ക സവിശേഷതയായിരുന്നു കൂട്ടുകുടുംബ വ്യവസ്ഥ. കൂട്ടുകുടുംബത്തില് മുതിര്ന്ന പൗരന്മാര്ക്ക് ആയിരുന്നു പ്രതേ്യക സ്ഥാനവും പരിഗണയും നല്കിയിരുന്നത്. ഇന്ത്യന് പാരമ്പര്യമുല്യങ്ങളും സംസ്ക്കാരവും മതവും കൂട്ടുകുടുംബത്തോടൊപ്പം വയോജനങ്ങള്ക്ക് വേണ്ട സംരക്ഷണവും  പ്രാധാന്യവും നല്കിയിരുന്നു. ആധുനികവല്ക്കരണവും വ്യാവസായികവല്ക്കരണവും കൂട്ടുകുടുംബസംവിധാനത്തെ ശിഥിലമാക്കിയതോടെ വയോജനസംരക്ഷണം ഒരു ഗുരുതര പ്രശ്നമായി മാറി. നമ്മുടെ സംസ്ക്കാരത്തിന് അന്യമായിരുന്ന വൃദ്ധജന സദനങ്ങള് മുളപ്പൊട്ടാന് തുടങ്ങി. ഇന്ന് കമ്പ്യൂട്ടര് യുഗത്തില് ജനങ്ങള് ഭയപ്പെടുന്നത് വയസ്സിനെയാണ്.
ലോകത്തിലെ ഏറ്റവും വലിയ യുദ്ധം “'War against age' ആണ്. വാര്ദ്ധക്യമെന്നാല് ഒറ്റപ്പെടലിന്റെയും ഉപേക്ഷിക്കപ്പെടലിന്റെയും  കണ്ണീര്കാലമാണ്. ഇന്ത്യന് ഭരണഘടന നിര്ദ്ദേശകതത്വം (Directive principles of state policy)  41-ാം വകുപ്പ് അനുസരിച്ച് വയോജനങ്ങള് ഉള്പ്പെടയുള്ള ദുര്ബലവിഭാഗങ്ങള്ക്ക് സംരക്ഷണം ഉറപ്പു നല്കുന്നു. ഹിന്ദു ദത്തെടുക്കലും ജീവനാംശം നല്കലും നിയമം, 1956 (Hindu Adoptions and Maintenance act 1956) 20-ാം വകുപ്പും മാതാപിതാക്കളെ സംരക്ഷിക്കണമെന്ന് നിഷ്ക്കര്ഷിക്കുന്നു. ക്രിമനല് നടപടി നിയമം 125 (1) (ഡി) വകുപ്പ് പ്രകാരം പ്രായമായവരും സ്വയം സംരക്ഷിക്കാന് കഴിയാത്തവരുമായ മാതാപിതാക്കളെ മക്കള് സംരക്ഷിക്കണമെന്ന് അനുശാസിക്കുന്നു നിയമങ്ങളെല്ലാം തന്നെ മാതാപിതാക്കളേയും മുതിര്ന്നപൗരന്മാരുടെയും മാത്രം സംരക്ഷണത്തിനും ക്ഷേമത്തിനുമായുള്ളതല്ല. നിയമങ്ങളനുസരിച്ച് തെളിയിക്കാനുള്ള ബാദ്ധ്യത വൃദ്ധജനങ്ങളില് നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ജീവനാംശം അനുവദിക്കാന് സംങ്കീര്ണ്ണ നിയമനടപടികള് ഉള്ളതുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഇന്ത്യന് പാര്ലമെന്റ് മാതാപിതാക്കളുടേയും മുതിര്ന്ന പൗരന്മാരുടേയും ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള നിയമം, 2007 (Maintenance and welfare of parents and senior citizens act, 2007 ) പാസ്സാക്കുന്നത്.
നിയമമനുസരിച്ച് സ്വയം സംരക്ഷിക്കപ്പെടാന് നിര്വാഹമില്ലാത്ത മാതാപിതാക്കള്ക്കും മുതിര്ന്ന പൗരന്മാര്ക്കും ജീവനാംശം നല്കേണ്ട ബാദ്ധ്യത മക്കളിലും ചെറുമക്കളിലും നിക്ഷിപ്തമായിരിക്കുന്നു. കൂടാതെ ടി ആള്ക്കാരുടെ സ്വത്തു കൈവശം വച്ചിരിക്കുന്നതും അനന്തരാവകാശികളായി സ്വത്തു കിട്ടുന്നതുമായ ബന്ധുക്കളും ജീവനാംശം നല്കാന് ബാദ്ധ്യസ്ഥരാണ്. മക്കളെന്നതിനെ ചെറുമക്കളെന്നു കൂടി വ്യാഖ്യാനം നല്കി നിയമ സംരക്ഷണം ഉറപ്പു നല്കുന്നു. അതുപോലെ തന്നെ മാതാപിതാക്കളുടെ നിര്വചനത്തില് ദത്തെടുത്ത മാതാപിതാക്കളും അര്ദ്ധമാതാപിതാക്കളും ഉള്പ്പെടുന്നതും നിയമത്തിന്റെ സവിശേഷതയാണ്. നിലവിലുള്ള മുമ്പ്പരാമര്ശിച്ച നിയമങ്ങളിലൊന്നും ഇത്തരമൊരു പരിരക്ഷ ഉറപ്പുനല്കിയിരുന്നില്ല.
നിയമമനുസരിച്ചുള്ള പരിരക്ഷ ഉറപ്പാക്കുന്നതിനും നടപ്പിലാക്കുന്നതിനും പ്രതേ്യക ട്രൈബ്യൂണലുകള് സംസ്ഥാന സര്ക്കാര് രൂപീകരിക്കണമെന്ന് 7-ാം വകുപ്പില് പ്രതിപാദിക്കുന്നു. 15-ാം വകുപ്പ് അനുസരിച്ച് (Section 15) ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് preside  ചെയ്യുന്ന ഒരു അപ്പലേറ്റ് ട്രൈബ്യൂണല് എല്ലാ ജില്ലയിലും സ്ഥാപിക്കേണ്ടതാണ്അപ്പലേറ്റ് ട്രൈബ്യൂണലില് 60 ദിവസത്തിനകം അപ്പീല് ബോധിപ്പിക്കേണ്ടതും ടി അപ്പീല് ഒരു മാസത്തിനകം തീര്പ്പു കല്പ്പിക്കേണ്ടതുമാണ്.
പരാതി ലഭിച്ചാലുടന് ട്രൈബ്യൂണല് എതിര് കക്ഷിക്ക് നോട്ടീസ് നല്കുകയും ഇരു കക്ഷികളുടെയും തെളിവെടുത്ത് വാദം കേട്ട ശേഷം ജീവനാംശം നിശ്ചയിക്കും. ജീവനാംശം 10,000 രൂപയില് കൂടുതല് ആകരുതെന്ന് നിയമം നിഷ്കര്ഷിക്കുന്നു. 6-ാം വകുപ്പ് അനുസരിച്ച് ഇരു കക്ഷികളും ഹാജരായിക്കഴിഞ്ഞാല് തെളിവെടുക്കുന്നതിന് മുമ്പ് മദ്ധ്യസ്ഥ ചര്ച്ചയ്ക്ക് വിടാന് വ്യവസ്ഥ ചെയ്യുന്നു നിയമമനുസരിച്ച് വിധിച്ച ജീവനാംശം നല്കിയില്ലെങ്കില് ഒരുമാസം തടവു ശിക്ഷ നല്കാവുന്നതാണ്. (Section 5 (8)) ജീവനാംശം വിധിച്ച് 30 ദിവസത്തിനകം തുക ട്രൈബ്യൂണല് മുമ്പാകെ കെട്ടി വക്കേണ്ടതാണ് (Section 13) 14-ാം വകുപ്പ് അനുസരിച്ച് ജീവനാംശമായി അനുദവിച്ച തുകയ്ക്ക് പരാതി ബോധിപ്പിച്ച തീയതി മുതല് 6% പലിശ നല്കേണ്ടതാണ്.
സ്വന്തമായി ട്രൈബ്യൂണലിനു മുമ്പിലെത്തി പരാതി ബോധിപ്പിക്കുവാന് സാധിക്കാത്ത മുതിര്ന്ന പൗരന്മാര്ക്കോ മാതാപിതാക്കള്ക്കോ വേണ്ടി ടി ആളുകളുടെ പ്രതിനിധിക്കോ സന്നദ്ധസംഘടനയ്ക്കോ പരാതി ബോധിപ്പിക്കാവുന്നതാണ്ട്രൈബ്യൂണല് മുമ്പാകെ വക്കീലിനെ അധികാരപ്പെടുത്താന് പാടില്ലാത്തതാണെന്ന് 17-ാം വകുപ്പ് നിഷ്കര്ഷിക്കുന്നു. എന്നാല് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറിന്റെ റാങ്കില് താഴെയല്ലാത്ത ഒരു ഉദേ്യാഗസ്ഥനേയും പരാതിക്കാരന് ആവശ്യപ്പെടുന്ന പക്ഷം കേസ് നടത്താനായി നിയോഗിക്കാവുന്നതാണ് (Section 18).
സംസ്ഥാന സര്ക്കാരുകള് കുറഞ്ഞതു 150 മുതിര്ന്ന പൗരന്മാരെയെങ്കിലും സംരക്ഷിക്കുന്ന വൃദ്ധസദനങ്ങള് എല്ലാ ജില്ലയിലും ഒരെണ്ണമെങ്കിലും സ്ഥാപിക്കേണ്ടതാണ്. കൂടാതെ സര്ക്കാര് ആശുപത്രിയിലും മുതിര്ന്നപൗരന്മാര്ക്ക് പ്രതേ്യക ക്യൂ, കിടക്ക തുടങ്ങിയവ നല്കേണ്ടതും വാര്ദ്ധക്യസഹജമായ രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണം പ്രേത്സാഹിപ്പിക്കേണ്ടതുമാണെന്ന് നിയമം വ്യവസ്ഥ ചെയ്യുന്നു. എല്ലാ ജില്ലാ ആശുപത്രിയിലും ഒരു വൃദ്ധജന സംരക്ഷണ ഡിപ്പാര്ട്ട്മെന്റ് ടി മേഖലയില് പ്രത്യേക പരിശീലനം ലഭിച്ച ഡോക്ടറുടെ നേതൃത്വത്തില് പ്രവര്ത്തിപ്പിക്കേണ്ടതാണെന്നും നിയമം പറയുന്നു.
നിയമം 21-ാം വകുപ്പ് അനുസരിച്ച് മുതിര്ന്ന പൗരന്മാരുടെ ക്ഷേമത്തെക്കുറിച്ച് പൊതു മാധ്യമങ്ങളിലൂടെയും പോലീസ് ഉദേ്യാഗസ്ഥര്, ജഡ്ജിമാര് തുടങ്ങിയവരിലൂടെയും അവബോധവും ബോധവല്ക്കരണവും നടത്തേണ്ടതാണ്. 22-ാം വകുപ്പ് അനുസരിച്ച് ഈനിയമത്തിലെ വ്യവസ്ഥകള് നടപ്പിലാക്കുന്നതിന് സംസ്ഥാന സര്ക്കാരിന് ജില്ലാ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്താവുന്നതും ജില്ലാ മജിസ്ട്രേറ്റിന് അദ്ദേഹത്തിന് കീഴിലുള്ള ഉദേ്യാഗസ്ഥന്മാരെകൊണ്ട് ടി വ്യവസ്ഥകള് നടപ്പിലാക്കിപ്പിക്കാവുന്നതാണ്.
മുതിര്ന്നപൗരന്മാരെ സംരക്ഷിച്ചുകൊള്ളാമെന്ന വ്യവസ്ഥയില് ടി ആള്ക്കാരുടെ വസ്തു ആര്ക്കെങ്കിലും കൈമാറ്റം ചെയ്തു നല്കിയിട്ടുള്ളതും പിന്നീട് ടി ആള്ക്കാര്ക്ക് വസ്തു നല്കിയ മുതിര്ന്നപൗരനെ സംരക്ഷിക്കാതിരിക്കുകയും ചെയ്താല് ടി വസ്തു കൈമാറ്റ ആധാരം അസാധുവാക്കാന് ട്രൈബ്യൂണലിന് അനുവാദം ഉള്ളതാണെന്നും 23-ാം വകുപ്പില് പ്രതിപാദിക്കുന്നു. അതുപോലെ തന്നെ മുതിര്ന്ന പൗരനെ സംരക്ഷിക്കാന് ബാധ്യതയുള്ളവര് അവരെ ഉപേക്ഷിച്ചാല് മൂന്നുമാസം വരെ തടവോ 5000 രൂപ പിഴയോ രണ്ടും കൂടിയോ വിധിക്കാന് 24-ാം വകുപ്പ് വ്യവസ്ഥ ചെയ്യുന്നു.
കേരളാഗവണ്മെന്റ നിയമത്തെ അടിസ്ഥാനമാക്കി 2009ല് മുതിര്ന്ന പൗരന്മാരുടെയും മാതാപിതാക്കളുടേയും  ക്ഷേമത്തിനും ജീവനാംശത്തിനുമായുള്ള ചട്ടങ്ങള് പുറപ്പെടുവിച്ചിട്ടുള്ളതും അതിലെ 20-ാം ചട്ടമനുസരിച്ച് (Rule 20) എല്ലാ പോലീസ് സ്റ്റേഷനിലും അവരുടെ അധികാരപരിധിയില് താമസിക്കുന്ന മുതിര്ന്ന പൗരന്മാരുടെ വിവരങ്ങള് സൂക്ഷിക്കുന്ന ഒരു രജിസ്റ്റര് സൂക്ഷിക്കേണ്ടതാണ്. മാസത്തിലൊരിക്കല് ഒരു സാമൂഹിക പ്രവര്ത്തകനോടൊപ്പം സ്റ്റേഷനിലെ ഒരു പ്രതിനിധി അവരെ സന്ദര്ശിക്കേണ്ടതാണ്. മുതിര്ന്ന പൗരന്മാരും ജില്ലാ അധികാരികളും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാന് സ്റ്റേഷനുകളില് ഒന്നോ അതിലധകമോ സമിതികള് രൂപികരിക്കേണ്ടതാണ്. അവര്ക്കെതിരേയുള്ള കുറ്റകൃത്യങ്ങളേയും അതിക്രമങ്ങളേയും കുറിച്ച് പ്രതേ്യകം രജിസ്റ്റര് സൂക്ഷിക്കുകയും അവയെക്കുറിച്ചുള്ള റിപ്പോര്ട്ട് മാസത്തിലൊരിക്കല് ജില്ലാ പോലീസ് അധികാരിക്ക് നല്കേണ്ടതുമാണ്കൂടാതെ മുതിര്ന്നപൗരന്മാരോടൊപ്പം ജോലിക്കു നില്ക്കുന്ന വ്യക്തികളെക്കുറിച്ച് വ്യക്തമായ വിവരം ശേഖരിക്കുകയും സൂക്ഷിക്കുകയും വേണം.

നിയമം നിലവിലുണ്ടായിരുന്ന നിയമങ്ങളിലെ എല്ലാ പഴുതുകളും അപാകതകളും പരിഹരിച്ചിട്ടുള്ളതാണ്. എന്നാല് നിയമം നിലവില് വന്ന് 5 വര്ഷം കഴിഞ്ഞിട്ടും നിയമത്തെക്കുറിച്ച് സാധാരണ ജനങ്ങളില് അവബോധം ഉണ്ടാക്കാന് കഴിഞ്ഞിട്ടില്ല എന്നത് ദു:ഖകരമായ സത്യമാണ്. നിയമം പൊതുജനങ്ങളിലേക്ക് എത്തിക്കുക വഴി മാത്രമേ മുതിര്ന്ന പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കാന് കഴിയുകയുള്ളു. നിയമത്തെ പാഠ്യപദ്ധതിയില് ഉള്പ്പെടുത്തിയും ബോധവല്ക്കരണ ക്ലാസ്സുകള് നടത്തിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.