Wednesday 26 March 2014

സലോമിയുടെ ബലിദാനം

സലോമിയുടെ ബലിദാനം 

ആത്മഹത്യ ഒന്നിനും പരിഹാരമല്ല .പ്രോത്സാഹിക്കപ്പെടെണ്ടതും അല്ല .എങ്കിലും ന്യൂ മാൻ കോളേജ് പ്രൊഫ .ജോസെഫിന്റെ ഭാര്യ സലോമിയുടെ ആത്മഹത്യ വല്ലാതെ വേദനിപ്പിക്കുന്നു.മത തീവ്രവാദികളും .ഭരണകൂട കെടു കാര്യസ്ഥതയും.ക്രിസ്തീയ സഭയുടെ കടും പിടുത്തവും തീർത്ത ദുരന്തങ്ങളുടെ പെരുമഴയും ,സാമ്പത്തികപ്രതിസന്ധിയും നിർബന്ധിത മരണത്തിലേക്ക് അവരെ കൊണ്ടെത്തിച്ചു .മാനുഷിക പരിഗണനയുടെ പേരിൽ യാതൊരു ഉപാധികളും കൂടാതെ പ്രൊഫ .ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു ."മാനുഷിക പരിഗണന മൂലം എന്നത് എന്ത് ക്രൂരമായ പരിഹാസം .
ന്യൂ മാൻ കോളേജ് കോളേജ് മലയാളം വിഭാഗം മേധാവിയായിരുന്നു പ്രൊഫ .ജോസഫ്‌ .2010 മാർച്ച്‌ 25 രണ്ടാം വർഷ ബി.കോം വിദ്യാർഥികളുടെ internal exam നായി തയ്യാറാക്കിയ മലയാളം ചോദ്യ പേപ്പറിലെ ഒരു ചോദ്യമാണ് അദ്ദേഹത്തിന്റെ ജീവിത ദുരന്തങ്ങളുടെ മൂല കാരണം.ചോദ്യ പേപ്പറിൽ ചിഹ്നങ്ങൾ(Punctuations ) നൽകാനായി ഇപ്രകാരം ഒരു ചോദ്യം ഉൾപെടുത്തി.

മുഹമ്മദ്‌ : പടച്ചോനെ പടച്ചോനെ
ദൈവം :എന്താടാ നായിന്റെ മോനെ
മുഹമ്മദ്‌ : ഒരു അയില അത് മുറിച്ചാൽ എത്ര കഷണമാണ്.
ദൈവം :മൂന്നു കഷണം ആണെന്ന് എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ടെടാ നായെ .

ഇതു പ്രവാചക നിന്ദയാണെന്ന് ആരോപിച്ചു പ്രൊഫസ്സര് ക്രൂശിക്കപ്പെട്ടു.എന്നാൽ പി.ടി .കുഞ്ഞു മുഹമ്മദ്‌ സംവിധാനം ചെയ്ത 'ഗർഷോം" എന്ന ചിത്രത്തെ ആസ്പദമാക്കി അദ്ദേഹം രചിച്ച "തിരക്കഥയുടെ രാഷ്ട്രീയം "എന്ന പുസ്തകത്തിൽ മാനസിക വിഭ്രാന്തിയുള്ള കഥാനായകൻ സ്വയം സംസാരിക്കുന്ന രംഗം ആണിത് .
തുടർന്ന് മത തീവ്രവാദികൾ വാളും പരിചയും ആയി രംഗത്ത് ഇറങ്ങി ,പോലീസ് ഇന്ത്യൻ ശിക്ഷ നിയമം 295 വകുപ്പ് പ്രകാരം മതത്തെ അപമാനിച്ചു എന്ന കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തു .പ്രൊഫ.ജോസഫ്‌ ഒളിവിൽ പോയി. ഒളിവിൽ പോയ പ്രൊഫസ്സറെ പുറത്തു കൊണ്ട് വരൻ മകനെ അറസ്റ്റ് ചെയ്തു മർദിച്ചു.പ്രൊഫസ്സർ കീഴടങ്ങി .2010 സെപ്റ്റംബർ 1 നു കോളേജ് അധികാരികൾ പ്രൊഫെസ്സരെ ജോലിയിൽ നിന്നും പുറത്താക്കി.

ദുരന്തങ്ങൾ പ്രൊഫെസ്സരെയും സലോമിയെയും വിട്ടൊഴിഞ്ഞില്ല.2010 ജൂലൈ 5 നു പള്ളിയിലേക്ക് പോയ ജോസെഫിനെ ഒരു കൂട്ടം SDPI മത തീവ്രവാദികൾ ആക്രമിക്കുകയും അദ്ദേഹത്തിന്റെ കൈ പത്തി വെട്ടി മാറ്റുകയും ചെയ്തു .മാസങ്ങളോളം ആശുപത്രിയിൽ നരക യാതന അനുഭവിച്ചു .വീട്ടിലെത്തിയിട്ടും കൈയുടെ ചലന ശേഷി വീണ്ടെടുക്കാൻ വർഷങ്ങൾ വേണ്ടി വന്നു ,ഈ ദുരിത പർവങ്ങളിൽ പ്രൊഫെസ്സർക്കു തങ്ങും തണലുമായി നിശബ്ദ സഹനത്തിന്റെ മാതൃകയായി സലോമി നില കൊണ്ടു.
ഭരണകൂടത്തിന്റെ നിലപാടും അത്യന്തം അപലപനീയം ആയിരുന്നു.പ്രൊഫെസ്സർക്കെതിരെ മത നിന്ദ ആരോപിക്കപ്പെട്ടപ്പോൾ ഒരു കൊടും ഭീകരൻ എന്ന പോലെയാണ് അവർ പ്രൊഫെസ്സരെ കൈകാര്യം ചെയ്തത്.അദ്ദേഹത്തിന്റെ വീടിനു പോലീസ് കാവൽ,വീടിന്റെ താക്കോൽ പോലീസിന്റെ കൈവശം എന്തിനേറെ പ്രൊഫെസ്സരുടെ വീട്ടിൽ ഒരു ഇല അനങ്ങണം എങ്കിൽ പോലും പോലീസിന്റെ അനുമദി വേണ്ടി വന്നു.തുടർന്ന് കോളേജ് അധികാരികളുടെ നിഷേധ സമീപനത്തിൽ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് സാധിക്കുമായിരുന്നു .എന്നാൽ അനാവശ്യ മൌനം ആലപിച്ചു നിഷ്ക്രിയർ ആകുകയാണ് ഭരണകൂടം ചെയ്തത്.
വർഷങ്ങളോളം നീണ്ട കേസും ,രോഗപീഡയും പ്രൊഫെസ്സരെയും കുടുംബത്തെയും വല്ലാതെ തളർത്തി.കോളേജ് അധികാരികൾ ,ക്രിസ്തീയ സഭ മേധാവികൾ ഇവർ സ്വീകരിച്ച കടുത്ത നിലപാട് ദുരിതങ്ങൾക്ക് ആക്കം കൂട്ടി.2013 നവംബർ 15 തൊടുപുഴ CJM കോടതി കേസിൽ പ്രൊഫെസ്സർ കുറ്റക്കാരൻ അല്ല എന്ന് കണ്ടെത്തി അദ്ദേഹത്തെ വെറുതെ വിട്ടു .എന്നിട്ടും ഈ മാർച്ച്‌ 31 നു വിരമിക്കാൻ ഇരുന്ന പ്രൊഫെസ്സരെ കോളേജ് അധികാരികൾ തിരിച്ചെടുത്തില്ല.പിരിച്ചു വിട്ട നാൾ മുതലുള്ള ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകണം എന്നതാണ് കോളേജ് അധികാരികളെ പിൻതിരിപ്പിച്ചത് .സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പ്രൊഫെസ്സർക്കും കുടുംബത്തിനും ഇതു വലിയ ആഘാതം ആയി .തുടർന്ന് സലോമി സ്വന്തം ജീവിതം തന്നെ അവസാനിപ്പിച്ചു.

വിരോധാഭാസമായി സലോമിയുടെ ബലി ദാനത്തിനു പകരമായി കോതമംഗലം രൂപത കണ്‍ തുറന്നു കോളേജ് അധികാരികൾ പ്രൊഫെസ്സർ ജോസെഫിനെ ജോലിയിൽ തിരിച്ചെടുത്തു .ഈ സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് പ്രതികരണ ശേഷി നഷ്ടപ്പെട്ടു മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി മാത്രം ജീവിക്കുന്ന ഒരു സമൂഹത്തിലേക്കാണ്‌ .മനുഷ്യത്വവും മൂല്യങ്ങളും നഷ്ടപ്പെട്ട നിഷ്ക്രിയ സമൂഹം സലോമിയുടെ മരണത്തിനു ഉത്തരവാദികൾ ആണ് .

Wednesday 19 March 2014

മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

       മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

                                    ദയാവധം അഥവാ Euthanasia എന്നും നിയമപരവും ധാർമികവും ആയി കുഴക്കികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് . ജീവിതത്തിലേയ്ക് തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരർ ആയവരെ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം.മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിൽ വേദനയുടെ സമുദ്രത്തിൽ ആഴ്ന്നു കേഴുന്ന മനുഷ്യ ജീവികളോടുള്ള കരുണ കാണിക്കലാണ്‌ അവരെ രക്ഷപെടുത്തലാണ് ദയാവധം എന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവരുടെ വാദം.ജീവൻ രക്ഷാമരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്താൽ ജീവൻ നില നിറുത്തുന്നത് അധാർമ്മികം ആണെന്ന് അവർ വാദിക്കുന്നു.എന്നാൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21 വകുപ്പും നീതി വ്യവസ്ഥയും ഉറപ്പു നൽകുന്നെന്നും അത് ലംഘിക്കാൻ ആര്ക്കും അവകാശം ഇല്ലെന്നും മറുപക്ഷം.ഇതിനിടയിൽ അഭിപ്രായം പറയാൻ പോലും കെല്പില്ലാതെ കേഴുന്ന മരണം കാത്ത് കിടക്കുന്ന കുറെ മനുഷ്യജീവികൾ.
                                       ലോകത്ത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ദയാവധം അനുവദിച്ചിട്ടുള്ളൂ.നെതെർലാന്റ് ആണ് ലോകത്ത് ആദ്യമായി ദയാവധം അനുവദിച്ചത് .തുടർന്ന് ബെൽജിയം,സ്വിറ്റ്സെർലന്റ് തുടങ്ങി പല രാജ്യങ്ങളും ദയാവധത്തെ അനുകൂലിച്ചു.മിക്ക രാജ്യങ്ങളിലും ദയാവധത്തെ സംബന്ധിച്ച് വ്യക്തമായ മാർഗരേഖകളുണ്ട്.
ഇന്ത്യയിൽ ദയാവധം അനുവദിക്കണമെന്ന ആവശ്യം പല തവണ ഉയരുകയും പരമോന്നത കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തിട്ടുണ്ട് .എന്നാൽ ദയാവധത്തിന് എതിരായാണ് നീതി പീഠം നിലയുറപ്പിച്ചിരുന്നത് .

                                      ദയാവധം ഉയർത്തുന്ന ഏറ്റവും പ്രധാന നിയമ പ്രശ്നം ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നോ എന്നുള്ളതാണ് .1994 ലെ രത്തിനം V യുണിയൻ ഓഫ് ഇന്ത്യ എന്നാ കേസിൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി .തുടർന്ന് 1996 ൽ ഗ്യാൻ കൗർ V സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ രത്തിനം കേസ് over rule ചെയ്തു ജീവൻ കൊടുക്കാൻ പറ്റില്ല അതിനാൽ ജീവൻ എടുക്കാനും പറ്റില്ല എന്നും അതിനാൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം ഉൾപെട്ടിട്ടില്ല എന്ന് വ്യക്തമാക്കുകയുണ്ടായി. ദയാവധത്തിനു എതിരായിട്ടുള്ള ഒരു നിയമ പ്രശ്നമായി ഇതു നിലനിൽകുന്നു.
                                         ഇന്ത്യയിൽ ദയാവധം സംബന്ധിച്ച് വളരെയധികം വാർത്ത‍ പ്രാധാന്യം നേടിയ കേസ് ആണ് അരുണ ഷാൻ ബാഗ്‌ കേസ് .പിങ്കി വിരാനി എന്ന പത്ര പ്രവർത്തക "അരുണയുടെ കഥ " എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം തന്നെ വളരെ വാർത്ത‍ പ്രാധാന്യം നേടിയിരുന്നു .ബോംബെ King Edward Memorial ഹോസ്പിറ്റലിൽ നേഴ്സ്
ആയിരുന്ന അരുണ ഷാൻ ബാഗ്‌. 1973 നവംബർ 27 തീയതി വൈകുന്നേരം ജോലി കഴിഞ്ഞു പോകാനൊരുങ്ങിയ അരുണയെ ഹൊസ്പിറ്റലിലെ ഒരു ജീവനക്കാരൻ ബലാൽസംഗത്തിന് ശ്രമിക്കുകയും ഇതിനിടെ പട്ടി ചങ്ങല ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് അബോധാവസ്ഥയിലായ അരുണ പിന്നീടിന്നു വരെ സ്വബോധാത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി വന്നിട്ടില്ല .ചങ്ങല മുറുകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള oxygen വരവ് നിലച്ചതിനെ തുടർന്നാണ് അവരുടെ തലച്ചോർ എന്നെന്നേക്കുമായി പ്രവർത്തനരഹിതമായത് . തുടർന്ന് ഹോസ്പിറ്റൽ അധികാരികൾ അരുണയുടെ സംരക്ഷണം ഏറ്റെടുക്കുകയും ആയതു ഇന്നും തുടർന്ന് വരികയും ചെയ്യുന്നു.ഇതിനിടയിൽ 2011 ൽ അരുണയുടെ കഥ എഴുതിയ പിങ്കി വിരാനി അരുണയുടെ ജീവൻ നില നിറുത്തുന്നത് മൂക്കിലൂടെ ദ്രവ രൂപത്തിൽ നൽകുന്ന ആഹാരത്തിൽ കൂടി ആണെന്നും ആകയാൽ അരുണയ്ക് നൽകുന്ന സപ്പോർട്ട് ആയ ആഹാരം നിറുത്തി ദയാവധം സാധ്യമാക്കണം എന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു.
                                              സുപ്രീം കോടതി ഈ കേസിൽ ദയാവധത്തിന്റെ എല്ലാ തലങ്ങളും വിശദമായി പരിശോധിച്ചു.ദയാവധം പ്രധാനമായും 4 തരമുണ്ട്
1.സക്രിയ ദയാവധം (Active Euthanesia ) .
2.നിഷ്ക്രിയ ദയാവധം (Passive Euthanesia ).
3.സ്വമേധയ ഉള്ള ദയാവധം(Voluntary Euthanesia ).
4.സ്വമേധയ അല്ലാത്ത ദയാവധം (Involuntary Euthanesia ).
                                             സക്രിയ ദയാവധം (Active Euthanesia ) നിയമ വിരുദ്ധവും ഇന്ത്യൻ ശിക്ഷ നിയമം 302 അല്ലെങ്കിൽ 304 വകുപ്പുകൾ പ്രകാരം കുറ്റകരവുമാണ് ,എന്നാൽ ജീവൻ രക്ഷാ മരുന്നുകളോ ,ഉപകരണങ്ങളോ മാറ്റുന്നത് വഴി മരണം സംഭവിക്കുന്ന നിഷ്ക്രിയ ദയാവധം നിയമങ്ങൾക്ക് എതിരല്ല .എങ്കിലും മാർഗ രേഖകൾ അനുസരിച്ചേ ഇതും അനുവദനീയം ആകുകയുള്ളൂ.അരുണയുടെ കേസിലും നിഷ്ക്രിയ ദയാവധം അനുവദിക്കുകയും സക്രിയ ദയാവധത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.ഈ വിധി ന്യായം ദയാവധത്തെ കുറിച്ച് വ്യക്തമായ ധാരണകൾ നൽകാതെ കുറെ അവ്യക്തതകൾ അവശേഷിപ്പിക്കുകയുണ്ടായി .
                                                         തുടർന്ന് ദയാവധം സംബധിച്ച് വ്യക്തമായ നിയമാവലികൾ ഉണ്ടാക്കണമെന്നും ജീവൻ രക്ഷാ മരുന്നുകളുടെയും ,ഉപകരണങ്ങളുടെയും സഹായത്താൽ മാത്രം ജീവൻ നില നിറുത്തുന്നവർക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു Common Cause എന്ന NGO സുപ്രീം കോടതിയെ സമീപിച്ചു.അത് പോലെ തന്നെ തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരൻ ആണെന്ന് മനസ്സിലാക്കുന്ന രോഗി സ്വബോധത്തിൽ ഒരു വിൽ പത്രം തയ്യാറാക്കി അതിൽ ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാൽ ആയത്‌ അനുവദിക്കണമെന്നും ഈ കേസില ഹർജിക്കാർ വാദിച്ചു .എന്നാൽ ദയാവധം ഇന്ത്യം മൂല്യങ്ങൾക്ക് എതിരാണെന്നും ധാർമ്മികമായി ഭാരത സംസ്കാരം ദയാവധം അംഗീകരിക്കുന്നില്ലെന്നും ദയാവധം അംഗീകരിക്കുന്നത്‌ ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചു.അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സായി മരിക്കാനുള്ള അവകാശവും ഉൾപ്പെട്ടിരികുന്നു എന്നൊരു സുപ്രധാന കണ്ടെത്തൽ നടത്തി കോടതി ഈ കേസിൽ.എന്നാൽ ഭരണഘടനാ പരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ തീരുമാനം എടുക്കാനാവില്ല എന്ന് കണ്ടെത്തി ചീഫ് ജസ്റ്റിസ്‌ സദാശിവം ഉൾപ്പെട്ട മൂന്നംഗ ബെഞ്ച്‌ കേസ് ഭരണഘടനാ ബെഞ്ചിനു റെഫർ ചെയ്തു .
                                                          വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം ആണിത് .അല്ലെങ്ങിൽ നിയമത്തിൻറെ പിൻബലത്തിൽ വൃദ്ധ ജനങ്ങളും അശരണരും കൊല ചെയ്യപ്പെടുന്നതിനുള്ള ഒരു ലൈസൻസ് ആയി ദയാവധം ദുരുപയോഗിക്കപ്പെടും .എക്കാലവും വൈദ്യശാസ്ത്രത്തിനും നിയമത്തിനും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്ന ദയാവധം സംബധിച്ച് വ്യക്തമായ ഒരു ഉത്തരം ഭരണഘടനാ ബെഞ്ചിൽ നിന്നും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ് നാമിപ്പോൾ.സമൂഹത്തിന്റെ മൂല്യബോധവും ,ധാർമികതയും സൃഷ്ടിക്കുന്ന എതിർപ്പുകൾ അതി ജീവിച്ച്‌ മാനുഷികമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. .