Tuesday, 17 March 2015

ധനുഷ്കോടി ഓർമ്മിപ്പിക്കുന്നത്‌












വനിതാ അഭിഭാഷകരുടെ യാത്ര സംഘത്തിലേക്ക് അദൃശ്യമായ കരങ്ങളാൽ എന്നെ വലിച്ചടുപ്പിച്ചത് ധനുഷ്കോടി എന്ന "പ്രേത നഗരം " ആണ് . കണ്ണിനിമ്പം ആയ കാഴ്ചകൾ ഒന്നും ഇല്ലാത്ത ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന ക്ഷേത്രങ്ങളോ കൊട്ടാരങ്ങളോ കാഴ്ചകൾ ആകാത്ത നിലവിലില്ലാത്ത ഈ നഗരം എന്ത് കൊണ്ട് സഞ്ചാരികളുടെ സ്വപ്നവും വിസ്മയവും ആകുന്നു ,നഷ്ട പ്രതാപങ്ങളുടെ ഓർമ്മപ്പെടുത്തലാണോ? മനുഷ്യന്റെ നിസ്സാരതയാണോ? പ്രകൃതിക്ക് മുന്നിലുള്ള മനുഷ്യന്റെ തോൽവിയാണോ?ഒരു കൂട്ടം ഉത്തരം കിട്ടാത്ത ചോദ്യങ്ങളുമായി ഞാൻ ധനുഷ്കോടിയിലേയ്ക് പുറപ്പെട്ടു.
ധനുഷ്കോടി എന്ന പേര് തന്നെ പുരാണങ്ങളിലെക് നയിക്കുന്നു.ധനുസ്സിന്റെ അറ്റം എന്നതാണ് "ധനുഷ്കോടി " എന്ന വാക്കിന്റെ അർഥം .സീതാദേവിയെ രാവണൻറെ പക്കൽ നിന്നും മോചിപ്പിക്കാനായി ശ്രീലങ്കയിലേക്ക് "രാമ സേതു "പണി കഴിപ്പിക്കാനായി ശ്രീരാമൻ ധനുസ്സിന്റെ അറ്റം കൊണ്ട് അടയാളപ്പെടുത്തിയ സ്ഥലം എന്നതാണ് ധനുഷ്കോടി എന്ന പേരിന്റെ പിന്നിലെ പുരാണം. രാമ സേതുവിൻറെ അവശിഷ്ടങ്ങളാണ് കടലിൽ കാണപ്പെടുന്ന പാറകളും ചെറു ദ്വീപുകളും എന്ന് വിശ്വസിക്കുന്നു.ഇത്തരമൊരു മിത്തിനെ ചൊല്ലി നിരവധി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നാസയുടെ പര്യവേഷണങ്ങൾ 1,75,000 വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പാലം നിലനിന്നിരുന്നതായി
സാക്ഷ്യപ്പെടുത്തുന്നു.
ഇത്തരത്തിൽ പൌരാണിക കാലം മുതൽ ചരിത്രത്തിൽ ഇടം നേടിയ ധനുഷ്കോടി തമിഴ്നാട്ടിലെ ക്ഷേത്രനഗരങ്ങളിൽ പ്രധാനപ്പെട്ടതായ രാമേശ്വരത്ത് നിന്നും 18 കിലോമീറ്റർ മാത്രം അകലെയായി സ്ഥിതി ചെയ്യുന്നു.ലോകത്തിലെ ഏറ്റവും വീതി കുറഞ്ഞ കര പ്രദേശം (50 yards ) എന്ന പദവിയും ധനുഷ്കോടിയ്ക്ക് ലഭിച്ചിട്ടുണ്ട്.ധനുഷ്കോടിയിൽ നിന്നും ശ്രീലങ്കയിലേക്കുള്ള ദൂരം കേവലം 18 മൈലുകൾ (31 കിലോ മീറ്റർ ) മാത്രം. മദ്രാസ്‌ എഗ്മോറിൽ നിന്നും ധനുഷ്കോടിയിലേക്ക് ട്രെയിൻ സർവീസും അവിടെ നിന്നും ശ്രീലങ്കയിലേക്ക് ബോട്ട് സർവീസും അവിടെ നിന്നും ശ്രീലങ്കയിലേക്ക് ബോട്ട് സർവീസും ഉൾപ്പെട്ട ബോട്ട് മെയിൽ എന്ന സംവിധാനവും നിലവിലുണ്ടായിരുന്നു .ഇതനുസരിച്ച് എഗ്മോറിൽ നിന്നും രാത്രി പുറപ്പെടുന്ന തീവണ്ടി രാവിലെ ധനുഷ്കോടിയിൽ എത്തുമ്പോൾ ശ്രീലങ്കയിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്ന ബോട്ട് അവിടെ കത്ത് കിടപ്പുണ്ടാകും .
റെയിൽവേ സ്റ്റേഷൻ ,പോസ്റ്റ്‌ ഓഫീസ്,റെയിൽവേ ഹോസ്പിറ്റൽ ,ഫിഷറീസ് ,പൊതു മരാമത്ത് വകുപ്പ് ഓഫീസുകൾ തുടങ്ങി എല്ലാ വിധ സൌകര്യങ്ങളോടും കൂടിയ ബംഗാൾ ഉൾക്കടൽ തീരത്തെ മനോഹര പട്ടണം ആയിരുന്നു ധനുഷ്കോടി.
1964 ഡിസംബർ 22 നു രാത്രി 280 Km /hr വേഗത്തിൽ ആഞ്ഞടിച്ച കൊടും കാറ്റിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ധനുഷ്കോടി ഓർമ്മയായി മാറി. നഗരവും ജനങ്ങളും തുടച്ചു നീക്കപ്പെട്ടു.3000 പേർ
വിധിക്ക് കീഴടങ്ങി കടലിനു സ്വന്തം ആയി.ഡിസംബർ 22 രാത്രി ധനുഷ്കോടിയിൽ നിന്നും പാമ്പനിലേക്ക് പുറപ്പെട്ട പാസഞ്ചർ ട്രെയിൻ 110 യാത്രക്കാരോടും 5 റെയിൽവേ ജീവനക്കാരോടും ഒപ്പം കൊടും കാറ്റിലും പ്രളയത്തിലും അകപെട്ടു അപ്രത്യക്ഷം ആയി.അപകടം നടന്നു 48 മണിക്കൂറിനു ശേഷം മാത്രം ആണ് ഈ വിവരം സ്ഥിതികരിക്കാൻ കഴിഞ്ഞത്.പിന്നീട് ക്ഷേത്ര നഗരം എന്ന പേര് പ്രേത നഗരം എന്ന പേരിനു വഴി മാറി .
കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും കുറ്റിച്ചെടികളും മണ്ണ് മൂടിക്കിടക്കുന്ന റെയിൽ പാളങ്ങളും എല്ലാം ഒരു ഓർമപ്പെടുത്തലാണ്.പ്രകൃതി ശക്തികളുടെ മുന്നറിയിപ്പാണ് .എല്ലാ പ്രൌടികളും ഗതകാല സ്മരണകൾ ആകാൻ നിമിഷങ്ങൾ മതി എന്നാ താക്കീത്‌.യാത്രക്കിടയിൽ വാൻ ഡ്രൈവർ കാട്ടി തന്ന റെയിൽ പലങ്ങൾക്കിടയിൽ എവിടെയോ തീവണ്ടിയോടൊപ്പം അപ്രത്യക്ഷം ആയ മനുഷ്യരുടെ ആത്മാക്കളുടെ തേങ്ങൽ അലയടിച്ചതായി തോന്നി .
ധനുഷ്കോടി ഓർമ്മയായി മാറിയ ഡിസംബർ മാസം തന്നെ അവിടം സന്ദർശിക്കാൻ തിരഞ്ഞെടുത്തത് ആകസ്മികം എങ്കിലും ഞെട്ടൽ ഉളവാക്കുന്നു.ഇന്ത്യൻ മഹാസമുദ്രത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലൂടെ മണൽ കുന്നുകളിലൂടെ ഉള്ള യാത്ര പ്രകൃതിയുടെ നിശബ്ദ സൌന്ദര്യം കൊണ്ട് ഭയാനകം ആയി .പാതയിലെങ്ങും കള്ളി മുൾ ചെടികളും കടൽ വെള്ളം സ്രഷ്ടിച്ച ചെറിയ വെള്ളകെട്ടുകളും ,ഇവിടുത്തെ കടലിനുമുണ്ട് പ്രത്യേകത .ഒരു വശത്ത് ഇന്ത്യൻ മഹാസമുദ്രം ആർത്ത്അലയ്ക്കുമ്പോൾ മറു വശത്ത് ബംഗാൾ ഉൾക്കടൽ പ്രൌടംആയ ശാന്തതയിൽ .നിൽപ്പ് ഉറപ്പിക്കാൻ പാടുപെടുത്തുന്ന ശക്തമായ കാറ്റു ആണ് മറ്റൊരു സവിശേഷത
തകർന്നു പോയെങ്കിലും ഗാംഭീര്യത്തോടെ നില നിൽക്കുന്ന ഒരു പള്ളി ഉണ്ട് ഇവിടെ.പള്ളി നിർമ്മിച്ചിരിക്കുന്ന സാൻഡ സ്റ്റൊനും മറ്റും തെളിഞ്ഞു കാണാം ,അൽത്താരയും ഒരു തിരു ശേഷിപ്പായി ഇവിടെ ഉണ്ട് .പൊലിഞ്ഞ പള്ളി ഭിത്തികളിലൂടെ ഉള്ള കടല കാഴ്ചകൾ കിളി വാതിലിലൂടെ എന്ന പോലെ മനോഹരം.മമ്മൂട്ടിയുടെ ഹിറ്റ്‌ സിനിമയായ ബിഗ്‌ ബി യിലെ "മുത്ത്‌ മഴ കൊഞ്ചൽ പോലെ "എന്ന ഗാനം ചിത്രീകരിച്ചിരിക്കുന്നത് ഇവിടെ വച്ചാണ് .
ഇലക് ട്രിസിടി,വെള്ളം തുടങ്ങി യാതൊരു പ്രാഥമിക സൌകര്യങ്ങളും ഇന്നു ധനുഷ്കോടിയിൽ ലഭ്യം അല്ല .ഈ പ്രതികൂല സാഹചര്യങ്ങളിലും ധനുഷ്കോടിയിൽ 500 പേരോളം താമസിക്കുന്നു .മത്സ്യബന്ധനവും ടൂറിസവും ആണ് അവരുടെ പ്രധാന വരുമാന മാർഗ്ഗം.ഇവരുടെ കുട്ടികൾക്കായി ഒരു സ്ചൂലും ഇവിടെ പ്രവർത്തിച്ചു വരുന്നു,രണ്ടു സമുദ്രങ്ങൾക്കിടയിലുള്ള ഈ തുണ്ട് ഭുമിയിൽ ശുദ്ധ ജലം ലഭിക്കുന്ന കിണറുകൾ കാണപ്പെടുന്നു എന്നതാണ് മറ്റൊരു അത്ഭുതം .
ധനുഷ്കോടിയിലെ ചെറു കടകൾ തീർച്ചയായും ഓരോ സന്ദർശകന്റെയും ശ്രദ്ധ ആകർഷിക്കുന്നു.മുത്തും പവിഴവും ശംകുകളും ചേർന്നോരു വർണ്ണ ലോകം.സ്ത്രീ സഹജമായ കൌതുകം കടകളിലെ വർണ്ണ ലോകത്തേക് എന്നെ നയിച്ചു. വൻകിട ഷോപ്പിംഗ്‌ മാളുകളിൽ നിന്നും എഴുതി പിടിപ്പിച്ച വിലയ്ക്ക് യാതൊരു എതിർ വാക്കുമില്ലാതെ സാധനങ്ങൾ വാങ്ങുന്ന നമ്മൾ ഇത്തരം അർദ്ധ പട്ടിണിക്കാരുടെ പക്കല നിന്നും വില പേശി മിടുക്കരാകും.ഇത്തരം ഒരു വിലപേശൽ അഭ്യാസത്തിൽ ഏർപ്പെട്ട എന്നോടുള്ള കട ഉടമയായ സ്ത്രീയുടെ വാക്കുകൾ നൊമ്പരവും ലജ്ജയും കലർന്ന ഒരു അവസ്ഥ ഉണ്ടാക്കി ."സഹോദരി രണ്ടു കടലുകളുടെ നടുവിലുള്ള നശിച്ചു കൊണ്ടിരിക്കുന്ന ഈ തുണ്ട് ഭുമിയിൽ ജീവിതത്തോടു മല്ലടിക്കുന്ന ഞങ്ങളോട് വില പേശാതെ ഞങ്ങള്ക്ക് നിങ്ങളുടെ സമ്മാനമായി ഒരു 20 രൂപയെങ്കിലും നൽകുക" എന്നാണ് അവർ പറഞ്ഞത് .അവർ പറഞ്ഞ വിലക്ക് രണ്ടു മാലകൾ വാങ്ങുകയും അവർക്ക്‌ കുറച്ചു രൂപ നൽകുകയും ചെയ്തപ്പോൾ നീറ്റൽ ഓടെങ്കിലും മനസ്സിലൊരു കുളിർ കാറ്റു വീശി .
ധനുഷ്കോടിയിൽ വച്ചൊരു കമ്മൽ നഷ്ടമായി എനിക്ക് .തിരിച്ചു കിട്ടാത്ത കമ്മൽ ഒരു അസ്വസ്ഥത ആയി.പിന്നീട് എന്റെ മനസ്സ് പറഞ്ഞു ഒരു സംസ്കാരവും നഗരവും ആയിരക്കണക്കിന് ജീവിതങ്ങളും നഷ്ടപ്പെട്ടതിന്റെ വേദന മനസ്സിലാക്കി തരാൻ ആയിരിക്കും കേവലം ഒരു കമ്മൽ ധനുഷ്കോടി കവർന്നത്‌.നഷ്ടങ്ങളും മാഷ്ട സ്വപ്നങ്ങളും ജീവിതത്തിന്റെ നൈമിഷികതയും ഒക്കെ ഓർമ്മിപ്പിക്കുന്നു ധനുഷ്കോടി.

2 comments:

  1. ചില തമിഴ് സിനിമകളില്‍ മാത്രമേ ഈ സ്ഥലം കണ്ടിട്ടുള്ളു.

    ReplyDelete