 |
ലോകത്തിലെ ഏറ്റവും ഉയരത്തില്‍ ഉള്ള പെട്രോള്‍ പമ്പ് |
അഡ്വ. നിസ ഫാസില്‍
2002നു ശേഷം ഇന്ത്യയില്‍
എണ്ണവിലയില്‍ നിരന്തര മാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. മാറി മാറി
വരുന്ന സര്‍ക്കാരുകളുടെ ദുര്‍ഭരണമാണ് എണ്ണ സമ്പദ്ഘടനയെ ഇപ്രകാരം
അസന്തുലിതമാക്കുന്നത്. സാമ്പത്തിക ഘടകങ്ങളെക്കാള്‍ രാഷ്ട്രീയത്തിന്
മുന്‍ഗണന നല്കുന്ന സര്‍ക്കാരുകളാണ് എണ്ണവില നിയന്ത്രിക്കുന്നത്. സംസ്ഥാന
ഇലക്ഷനുകളും പാര്‍ലമെന്റ് ഇലക്ഷനുകളും മാത്രം കാണുന്ന സര്‍ക്കാര്‍ എണ്ണയുടെ
വില വര്‍ദ്ധനവില്‍ ഇത്തരം രാഷ്ട്രീയം മാത്രം പരിഗണിക്കുകയും അനിവാര്യമായ
സമയത്ത് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയുടെ
ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ച് വില നിയന്ത്രിക്കാതിരിക്കുന്നതും
പലപ്പോഴും അസാധാരണമായ വിലവര്‍ദ്ധനവിന് കാരണമാകുന്നു. എണ്ണവിലയെ ഇപ്രകാരം
രാഷ്ട്രീയവത്ക്കരിക്കുന്നത് ഇന്ത്യയില്‍ മാത്രമാണ്. അന്താരാഷ്ട്ര വിപണിയിലെ
വര്‍ദ്ധനവനുസരിച്ച് കാലാകാലങ്ങളില്‍ വേണ്ട മാറ്റങ്ങള്‍
വരുത്തിയില്ലെങ്കില്‍ ഇത്രയും പെട്ടെന്ന് വലിയൊരു വില വര്‍ദ്ധനവ്
ജനങ്ങള്‍ക്ക് താങ്ങേണ്ടി വരില്ലായിരുന്നു. ഇന്ത്യ 75ശതമാനം എണ്ണയും
വിദേശത്തുനിന്നും ഇറക്കുമതി ചെയ്യുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം
കുറയുന്നതും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില ഉയരുന്നതും ഇന്ത്യയില്‍ എണ്ണ
പാചകവാതക വില വര്‍ദ്ധന അനിവാര്യമാക്കുന്നു.
ഇന്ത്യയില്‍ ഡീസലും മണ്ണെണ്ണയും എല്‍പിജിയും സാധാരണക്കാരന്റെ
ഇന്ധനങ്ങളാണ്. കൃഷിയും വ്യവസായവും ഗതാഗതവുമുള്‍പ്പെടെയുള്ള രാജ്യത്തിന്റെ
ജീവനാഡികളെല്ലാം മേല്‍ പറഞ്ഞ ഇന്ധനങ്ങളില്‍ അധിഷ്ഠിതമാണ്. ആയതിനാലാണ്
സര്‍ക്കാര്‍ എണ്ണയ്ക്ക് സബ്‌സിഡി നല്കുന്നത്. എന്നാല്‍ സബ്‌സിഡി നല്കല്‍
വഴി വില കൃത്രിമമായി കുറയ്ക്കാന്‍ മാത്രമെ സാധിക്കുകയുള്ളൂ എന്ന്
അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സി വ്യക്തമാക്കുകയുണ്ടായി.
ഇന്ത്യയില്‍ ഇപ്രകാരം സബ്‌സിഡി നല്കിയിട്ടും എണ്ണവില അമേരിക്കയെക്കാള്‍
42 ശതമാനവും ചൈനയേക്കാള്‍ 26ശതമാനവും പാകിസ്ഥാനെക്കാള്‍ 30 ശതമാനവും
അധികമാണ്. എണ്ണയുടെ മേലുള്ള നികുതിയാണ് ഇതിനു പ്രധാന കാരണം. ഇന്ത്യയില്‍
സംസ്ഥാന കേന്ദ്രസര്‍ക്കാരുകള്‍ ഏര്‍പ്പെടുത്തുന്ന നികുതി 50ശതമാനം വരും.
നികുതി ഇനത്തില്‍ സര്‍ക്കാരിനു കിട്ടുന്ന സബ്‌സിഡിയെക്കാള്‍ കൂടുതലാണ്.
പെട്രോളിന് എക്‌സൈസ് തീരുവ 7.5 ശതമാനവും വാറ്റ് 20 ശതമാനവും ആണ്.
അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന വിലക്കയറ്റിത്തിനനുസരിച്ച്
എണ്ണവിലവര്‍ദ്ധന അനിവാര്യമാകുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന് ശരിയായ
സാമ്പത്തിക മാനദണ്ഡങ്ങളുപയോഗിച്ച് എണ്ണവില കൃത്രിമമല്ലാതെ നിയന്ത്രിച്ച്
സാധാരണ ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നതാണ്. സബ്‌സിഡിയോടൊപ്പം എണ്ണയുടെ
നികുതിയും പൂര്‍ണ്ണമായോ ഭാഗികമായോ എടുത്തു കളഞ്ഞാല്‍ പൊതു ജനത്തിന്
കുറെയെങ്കിലും പിടിച്ചുനില്ക്കാന്‍ കഴിയും. പൂര്‍ണ്ണമായും പെട്രോളിന്റെ
നികുതി ഒഴിവാക്കി ഗോവ ഇതിനു മാതൃകയായിട്ടുണ്ട്.
പൊതുയാത്രാമാര്‍ഗങ്ങള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിച്ചും
ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടഞ്ഞും ഇന്ധന ഉപഭോഗം
കുറയ്ക്കുക വഴിയും സര്‍ക്കാരിന് ജനങ്ങളെ സഹായിക്കാന്‍ കഴിയും.ഇന്ത്യ ക്രൂഡ്
ഓയില്‍ ആണ് ഇറക്കുമതി ചെയ്യുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍
കുറയുമ്പോള്‍ എണ്ണക്കമ്പനികള്‍ വില കുറയ്‌ക്കേണ്ടതാണ്. 2012
സെപ്റ്റംബറില്‍ എണ്ണ വില വീപ്പയ്ക്ക് 118 ഡോളറില്‍ നിന്നും 106 ഡോളറായി
കുറഞ്ഞു. ഇത്തരം സാഹചര്യത്തില്‍ എണ്ണക്കമ്പനികള്‍ ലിറ്ററിന് 33 പൈസ
കുറയ്‌ക്കേണ്ടതാണ്. രൂപയുടെ മൂല്യം കൂടിയാല്‍ ഇത് 77 പൈസ വരെ കുറയ്ക്കാന്‍
കഴിയും. ഡീസലിന്റെ വിലവര്‍ദ്ധനവും എണ്ണക്കമ്പനികളുടെ ലാഭം
വര്‍ദ്ധിപ്പിക്കുന്നു. ആകയാല്‍ എണ്ണക്കമ്പനികള്‍ എണ്ണയുടെ വില
നിശ്ചയിക്കുന്ന മാനദണ്ഡം കൂടുതല്‍ സുതാര്യമാക്കേണ്ടതും അനിവാര്യമാണ്.