Wednesday, 12 February 2014

സി ബി .ഐ കൂട്ടിലടച്ച തത്തയോ ??
                                                  സി.ബി.ഐ. ഡയറി കുറിപ്പ് സിനിമ കണ്ടവരുടെ മനസ്സിൽ സേതു രാമയ്യരും സി.ബി.ഐ യും അമാനുഷിക പരിവേഷത്തോടെ സ്ഥാനം പിടിച്ചു,കുറ്റാന്വേഷണത്തിന്റെ അവസാന വാക്കായി സി.ബി.ഐ . സിനിമയും മാധ്യമങ്ങളും കൈക്കൂലികാരും അഴിമതിക്കാരും കഴിവ് കെട്ടവരുമായി ചിത്രീകരിക്കപ്പെട്ട സാധാരണ പോലീസ് സേനയിൽ നിന്നുള്ള രക്ഷകരായി മാറി സാധാരണ ജനങ്ങൾക്ക് സി.ബി.ഐ. ലോക്കൽ പോലീസിൻറെ നീതി പൂർവ്വമായ അന്വേഷണങ്ങളെ പോലും അവഗണിച്ചു സി.ബി.ഐ അന്വേഷണത്തിന് മുറവിളി കൂട്ടാൻ തുടങ്ങി അവർ,
                                   സി.പി.എം സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ ശക്തി സ്രോതസും ആയ സഖാവ് പിണറായി വിജയൻറെ പാർലമെന്ററി രാഷ്ട്രീയ ജീവിതത്തിനെ വനവാസത്തിലേക്ക് നയിക്കാൻ കഴിഞ്ഞു ലാവലിൻ കേസിൽ അദ്ദേഹത്തിന് എതിരെയുള്ള സി,ബി,ഐ അന്വേഷണം .എന്നാൽ 15 വർഷങ്ങൾക് ശേഷം കോടതി പിണറായി വിജയനെ വെറുതെ വിടുകയുണ്ടായി .ഐ .എസ്,ആർ,ഓ ചാരക്കേസിൽ നടത്തിയ സി.ബി .ഐ അന്വേഷണം പിന്നീട് തെറ്റാണെന്ന് തെളിയുകയും ഈ സംഭവം അന്വേഷണ ഉത്തരവിട്ട കേരളം കണ്ട ഏറ്റവും ശക്തനായ ഭരണാധികാരിയും രാഷ്ട്രീയ ഭീഷ്മാചാര്യനും ആയ ശ്രി.കെ .കരുണാകരന്റെ സജീവ രാഷ്ട്രീയ ജീവിതത്തെ അർദ്ധവിരാമത്തിൽ എത്തിച്ചു . ഇങ്ങനെ സി.ബി .ഐ എന്ന പേടി സ്വപ്നത്തിനു മുന്നിൽ പൊതു ജീവിതം അടിയറ വയ്ക്കപെട്ട നിരവധി ഭരണാധികാരികൾ.
                                          രാഷ്ട്രീയ രംഗത്ത് സി.ബി.ഐ യുമായി ബന്ധപെട്ട ഏറ്റവും പുതിയ വാർത്ത‍ അന്തരിച്ച ശ്രീ ,ടി. പി.ചന്ദ്ര ശേഖരന്റെ വിധവ രമ അദ്ദേഹത്തിന്റെ വധത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ സി,ബി,ഐ യെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ നിരാഹാര സമരമാണ്.
ഇന്ത്യ മുഴുവനുള്ള കാര്യമെടുത്തൽ 2G സ്പെക്ടറും കേസ് ,കല്കരി പാടങ്ങളുടെ ഖനനാനുമതി കേസ് തുടങ്ങി സമ്പദ് വ്യവസ്ഥയെ തന്നെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന അഴിമതികൾ സി.ബി.ഐ യുടെ അന്വേഷണത്തിലാണ് .എന്നാൽ ഇത്തരം കേസുകൾ കേസുകൾ അന്വേഷിക്കുമ്പോൾ സാമ്പത്തിക ശക്തികൾക്കു മുന്നിൽ സി.ബി.ഐ വെറും കടലാസ് പുലിയും കളിപ്പാവയും ആയി മാറുന്നു. കല്ക്കരി പാടങ്ങളുടെ ഖനനാനുമതി സംബധിച്ച് സുപ്രീം കോടതിയിൽ നിലവിലിരിക്കുന്ന കേസിൽ ജസ്റ്റിസ്‌ ആർ .എം .ലോധ "സി.ബി.ഐ തൻറെ യജമാനൻറെ ഭാഷയിൽ മാത്രം സംസാരിക്കുന്ന കൂട്ടിലടച്ച തത്ത എന്ന് സി.ബി.ഐ യെ നിഷിധമായ ഭാഷയിൽ വിമർശിച്ചിരുന്നു.നിരവധി യജമാനൻമാർ ഉള്ള സി.ബി.ഐ യ്ക്ക് കടിഞ്ഞാണില്ലാത്ത അധികാരങ്ങൾ നൽകാൻ സാധ്യമല്ല എന്നും കോടതി വ്യക്തമാക്കുക ഉണ്ടായി.
                                                     ഇപ്രകാരം സുപ്രീം കോടതി ഉൾപ്പെടെയുള്ള രാജ്യത്തെ കോടതികൾ സി.ബി.ഐ ക്ക് എതിരെ ആഞ്ഞടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യൻ നീതി ന്യായ ചരിത്രത്തിലെ നാഴിക കല്ലായ ഒരു വിധി ന്യായം 06.11.2013 ൽ ഗൗഹട്ടി ഹൈ കോടതി പുറപ്പെടുവിച്ചത് .നവേന്ദ്ര കുമാർ V യുണിയൻ ഓഫ് ഇന്ത്യ (WA NO.119 OF 2008 ) എന്ന കേസിൽ ജസ്റ്റിസ്‌ I.A അൻസാരി ,ജസ്റ്റിസ്‌ ഇന്ദിര ഷാ എന്നിവർ ഉൾപ്പെട്ട ഹൈക്കോടതി ബെഞ്ച്‌ സി.ബി.ഐ യുടെ നിയമ സാധുതയെ ചോദ്യം ചെയ്തു സമർപ്പിച്ച റിട്ട് ഹർജി അനുവദിച്ചതിനെ തുടർന്ന് സി.ബി.ഐ തന്നെ ഇല്ലാതെ ആകുകയുണ്ടായി.പ്രസ്തുത വിധി ന്യായത്തിന് എതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച അപ്പീൽ ചരിത്രത്തിൽ ആദ്യമായി ചീഫ് ജസ്റ്റിസ്‌ തന്റെ വസതിയിൽ വച്ച് വാദം കേട്ട് സ്റ്റേ അനുവദിക്കുകയുണ്ടായി .ഇതു തന്നെ ഈ വിധി ന്യായത്തിന്റെ ഗൌരവത്തിനു ആക്കം കൂട്ടുന്നു
സി.ബി.ഐ രൂപീകരിച്ചിരിക്കുന്നത് 1946 ലെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്റ്റ് പ്രകാരം 01.04.1963 ൽ പുറപ്പെടുവിച്ച ഒരു വിജ്ഞാപനം വഴിയാണ്. അല്ലാതെ സി.ബി.ഐ രൂപീകരിക്കാൻ പാർലമെന്റ് പാസ്സാക്കിയ ഒരു നിയമമോ യാതൊരു നിയമാവലികളോ ഇല്ല.01.04.1963 യിലെ വിജ്ഞാപനം ആകട്ടെ പ്രസിഡന്റിന്റെ അനുമതി പോലും ഇല്ലാത്തതാണ് .ആകയാൽ സി.ബി.ഐ യെ ഡൽഹി സ്പെഷ്യൽ പോലീസ് എസ്റ്റബ്ലിഷ്മെന്റ് ആക്ടിന്റെ ഭാഗമോ ഓർഗനോ അല്ല എന്ന് പറയാൻ പറ്റില്ല എന്ന് കോടതി വ്യക്തമാക്കുകയുണ്ടായി .കൂടാതെ ഈ നിയമത്തിൽ എവിടെയും സി.ബി.ഐ എന്ന വാക്ക് ഉപയോഗിച്ച് കാണുന്നില്ല.
                                                                        ഭരണഘടനാ എഴാം ഷെഡ്യൂൾ അനുസരിച്ച് ഭരണ സംവിധാനത്തിനായി മൂന്നു ലിസ്റ്റുകൾ രൂപീകരിച്ചിട്ടുണ്ട്. ഇതനുസരിച്ച് കേന്ദ്ര സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് യുണിയൻ ലിസ്റ്റിലും സംസ്ഥാന സർക്കാരിന് നിയമ നിർമ്മാണം സാധ്യമാകുന്നത് സ്റ്റേറ്റ് ലിസ്റ്റിലും രണ്ടു പേർക്കും നിയമ നിർമ്മാണം സാധ്യമാകുന്നത് കണ്‍കറന്റ്‌ ലിസ്റ്റിലും ഉൾപ്പെടുത്തിയിരിക്കുന്നു.പോലീസ് സംവിധാനം സ്റ്റേറ്റ് ലിസ്റ്റിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത് .ഇപ്രകാരം സ്റ്റേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഡൽഹി പോലീസ് സംവിധാനത്തിന്റെ കീഴിൽ രൂപീകരിച്ചിരിക്കുന്ന സി.ബി.ഐ എങ്ങനെ രാജ്യ വ്യാപകമായി പ്രവർത്തിക്കും? എങ്ങനെ മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം നടത്തും ? ഇത്തരം കാതലായ ഒരു കൂട്ടം ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരും സി.ബി.ഐ യും ഉത്തരവാദികൾ ആണ് .
                                                                                  യുണിയൻ ലിസ്റ്റിൽ എട്ടാം എൻട്രി( 8 Entry ) യിൽ പറയുന്ന പ്രകാരം ഉള്ള ഒരു Central Bureu of Intelligence and Investigation ആയി സി.ബി.ഐ യെ കണക്കാക്കിയാലും ലോക്കൽ പോലീസിനുള്ള അധികാരങ്ങൾ സി.ബി.ഐ ക്ക് നൽകാനോ ക്രിമിനൽ നടപടി നിയമം (CrPC ) പ്രകാരം അന്വേഷണം (Investigation ) നടത്താനോ കഴിയില്ല .കൂടി പോയാൽ ലോക്കൽ പോലീസിന്റെ അന്വേഷണത്തെ (Invesigation ) സഹായിക്കാനായി enquiry നടത്താം.അല്ലാതെ എങ്ങനൊക്കെ വ്യക്യാനിച്ചാലും കുറ്റാന്വേഷണത്തിന് ഉള്ള യാതൊരു അധികാരങ്ങളും സി.ബി.ഐ ക്ക് നൽകിയിട്ടില്ല .
                                                                                      നിയമപരം ആയി വിശകലനം ചെയ്‌താൽ സംസ്ഥാനാന്തര അന്വേഷണം നടത്താൻ അധികാരമുള്ള ഏജൻസി ആയി സി.ബി.ഐ യെ കണക്കാക്കാൻ കഴിയില്ല . രൂപ്പീകരിച്ചു 50 വര്ഷങ്ങള്ക്ക് ശേഷം ഡൽഹിയിൽ 186 കോടി രൂപ വില മതിക്കുന്ന 11 നില മന്ദിരം ആസ്ഥാനം ആക്കി പ്രവര്ത്തിച്ചു വരുന്ന ഇന്ത്യയുടെ ഫെദരൽ (Federal ) കുറ്റാന്വേഷണ ഏജൻസി എന്ന് അവകാശപ്പെടുന്ന സി.ബി.ഐ ക്ക് നിയമ സാധുത ഇല്ല എന്ന് കോടതി വിധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കുറ്റാന്വേഷണത്തിന് ഒരു ഫെദരൽ (Federal ) സംവിധാനം ഇല്ല എന്നുള്ളത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ആയ ഇന്ത്യയുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആയി മാറുന്നു . ഇത്തരം അടിസ്ഥാനപരമായ അനാസ്ഥകൾ വിരൽ ചൂണ്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെയും നിയമ വ്യവസ്ഥയുടെയും
ഗുരുതരമായ വീഴ്ച്ചയിലേക്ക് ആണ് .
                                                   ഗൗഹട്ടി ഹൈകോടതിയുടെ മുകളിൽ പരാമർശിക്കപ്പെട്ട വിധി ന്യായം എപ്പോൾ സുപ്രീം കോടതിയുടെ പരിഗണയിൽ ആണ് . രാജ്യ സുരക്ഷയുടെയും രാജ്യത്തിന്റെ നില നിൽപ്പിനെയും മുൻനിറുത്തി നീതിപൂർവ്വം ആയ ഒരു പരിഹാരം നിർദേശിക്കാൻ സുപ്രീം കോടതിക്കാകട്ടെ എന്ന് പ്രത്യാശിക്കാം. 


.

1 comment:

  1. നിലവില്‍ നിയമസാധുത ഇല്ലെങ്കിലും നിയമസാധുതയുണ്ടാക്കുന്നത് അസാദ്ധ്യമായ കാര്യമൊന്നുമല്ലല്ലോ

    ReplyDelete