Sunday, 20 January 2013

സ്ത്രീയും പുരുഷനുമല്ലാത്തവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതാണോ?
2006
 ദോഹ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ വനിത റിലേ ടീമിലെ അംഗമെന്ന നിലയില്‍ മാധ്യമങ്ങളും സമൂഹവും പട്ടും വളയും നല്കി ആദരിച്ചിരുന്ന പിങ്കി പ്രമാണിക് 2012ല്‍ മാധ്യമശ്രദ്ധ നേടിയത് പിങ്കി പ്രമാണിക് സ്ത്രീയോ പുരുഷനോ എന്ന ചോദ്യത്തോടെയാണ്. പിങ്കി സ്ത്രീയല്ല പുരുഷനാണെന്നും അനാമിക ആചാര്യ എന്ന സ്ത്രീയെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പിങ്കിക്കെതിരെ ഉയര്‍ന്ന ആരോപണം.
Pinki Pramanik - news4keralaഎന്നെ ഒരു മൃഗത്തപ്പോലെയാണ് അവര്‍ പരിഗണിച്ചത്‘ .. പിങ്കി പ്രമാണിക്കിന്റെ വാക്കുകള്‍. ജനിച്ചനാള്‍ മുതല്‍ സ്ത്രീയായി ജീവിച്ച പിങ്കി ഒരൊറ്റ ആരോപണം കൊണ്ട് സ്ത്രീ എന്ന പരിഗണനകള്‍ക്കതീതയായി. പിങ്കിയെ അറസ്റ്റു ചെയ്തതും കോടതിയിലേക്ക് അനുഗമിച്ചതും പുരുഷ പൊലീസുകാര്‍ കൂടാതെ 25 ദിവസം ജയിലറയ്ക്കുള്ളില്‍ പുരുഷതടവുകാരോടൊപ്പം ജയില്‍വാസം. ഏറ്റവും വേദനാജനകം പിങ്കിയുടെ വൈദ്യപരിശോധനയുടെ നഗ്നചിത്രങ്ങളെടുത്ത് മൊബൈല്‍ ഫോണിലൂടെ പ്രചരിപ്പിച്ചു എന്നതാണ്. ഇതിലേറെ വിരോധാഭാസം നിരവധി വിദഗ്ധ ഡോക്ടര്‍മാര്‍ ദിവസങ്ങളോളം നീണ്ട വൈദ്യ പരിശോധനകള്‍ നടത്തിയിട്ടും പിങ്കി പുരുഷനാണെന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് എന്നതാണ്.
പിങ്കിക്കെതിരെ ആരോപിച്ചിരിക്കുന്നത് ബലാത്സംഗ ശ്രമമാണ്. ഒരു സ്ത്രീക്കെങ്ങനെ ബലാത്സംഗശ്രമം നടത്താന്‍ കഴിയും? കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതന്‍ നിരപരാധിയാണെന്ന ക്രിമിനല്‍ നടപടി നിയമത്തിന്റെ സുവര്‍ണ രേഖ കൂടിയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. പിങ്കി പ്രമാണിക്കിന് മുമ്പ് തമിഴ് സ്‌പോര്‍ട്‌സ് താരം ശാന്തി സുന്ദര്‍രാജിനും ഇത്തരമൊരു ദുരവസ്ഥ സംഭവിക്കുകയും സ്വന്തം ജീവന്‍ തന്നെ ബലിയര്‍പ്പിക്കേണ്ടി വരികയും ചെയ്തിട്ടുള്ളതാണ്.
ഇന്ത്യയുടെ ഇതിഹാസ കാവ്യമായ മഹാഭാരതത്തില്‍ തന്നെ തൃതീയ പ്രകൃതിയിലുള്ള ശിഖണ്ഡിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ട്രാന്‍സ് ജെന്ററുകള്‍ എന്ന് അറിയപ്പെടുന്ന ഇത്തരം വ്യക്തികളുടെ അവകാശങ്ങളെക്കുറിച്ച് നിയമം നിശബ്ദമാണോ? ട്രാന്‍സ്‌ജെന്ററുകള്‍ക്ക് മനുഷ്യാവകാശ ധ്വസതം ബാധകമല്ലേ? എന്നൊരു ചോദ്യം പിങ്കി പ്രമാണിക് ഉയര്‍ത്തുന്നു. ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്കുന്ന തുല്യതയ്ക്കുള്ള അവകാശവും ജീവിക്കാനുള്ള അവകാശവും മറ്റ് അവകാശങ്ങള്‍ക്കും സ്ത്രീക്കും പുരുഷനും മാത്രമേ അര്‍ഹതയുള്ളോ? അതുപോലെ തന്നെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും സ്ത്രീയും പുരുഷനുമെതിരെയുള്ള കുറ്റകൃത്യങ്ങള്‍ മാത്രമേ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പ്രതിപാദിക്കപ്പെടുന്നുള്ളൂ.
അസന്മാര്‍ഗിക നടപടികള്‍ തടയല്‍ നിയമം, 1956( Immoral Traffic prevention act ,1956) , സ്ത്രീ പുരുഷന്‍ എന്നീ നിര്‍വചനങ്ങളോടൊപ്പം 1986ല്‍ ഭേദഗതി നടത്തി ട്രാന്‍സ്‌ജെന്ററുകളെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് എന്നാല്‍ ഇത്തരമൊരു  ഭേദഗതി ട്രാന്‍സ്‌ജെന്ററുകളുെട അവകാശങ്ങള്‍ സംരക്ഷിക്കാനാണോ കൂടുതല്‍ അധികാരികളുടെ ചൂഷണത്തിന് വിധേയരാക്കാനാണോ സഹായിക്കുന്നത് എന്നതും പ്രസക്തമായൊരു ചോദ്യമാണ്. പലപ്പോഴും സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിനും പീഢനത്തിനും ഇരയാകുന്ന ട്രാന്‍സ്‌ജെന്ററുകള്‍ പൊലീസിനെ സമീപിക്കാന്‍ ഭയപ്പെടുന്നു. കാരണം പൊലീസിനാല്‍ ട്രാന്‍സ്‌ജെന്ററുകള്‍ ലൈംഗീകമായി പീഢിപ്പിക്കപ്പെടുന്നു. ഇത് ട്രാന്‍സ്‌ജെന്ററുകള്‍ക്കുനേരെയുള്ള വ്യവസ്ഥാപിത ചൂഷണത്തിലേക്ക് വിരല്‍ ചൂണ്ടുന്നു.
ട്രാന്‍സ്‌ജെന്ററുകളുടെ അവകാശങ്ങള്‍ സംരക്ഷക്കപ്പെടേണ്ടതാണ്. ട്രാന്‍സ്‌ജെന്ററുകളുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാനായി നിരവധി സംഘടനകള്‍ രൂപീകരിച്ചിട്ടുള്ളതും ആയത് ചെറിയ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുള്ളതുമാണ്. കൂടാതെ ക്രിമിനല്‍ നിയമം(ഭേദഗതി) ബില്‍, 2012ല്‍ ലിംഗം എന്നാല്‍ സ്ത്രീയും പുരുഷനും എന്ന വിഭജനത്തില്‍ മാത്രം ഒതുക്കാനാവില്ലെന്നും ഒരു തൃതീയ ലിംഗ വിഭാഗമുണ്ടെന്നുമുള്ള തിരിച്ചറിവിലേക്കും നിയമനിര്‍മ്മാണത്തിലേക്കും വഴിതെളിക്കുന്നു. 1994ല്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്ക് വോട്ടവകാശംനല്‍കി. 2009ല്‍ സ്ത്രീ, പുരുഷന്‍ എന്നതുകൂടാതെ എല്ലാ രേഖകളിലും മറ്റുള്ളവര്‍ എന്നൊരു വിഭാഗമുണ്ടാക്കി ട്രാന്‍സ്‌ജെന്ററുകളെ കൂടി ഉള്‍പ്പെടുത്തി. ലോകജനസംഘ്യയുടെ 4 ശതമാനം ട്രാന്‍സ്‌ജെന്ററുകളാണ് തൊഴിലില്ലായ്മ, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം, ആരോഗ്യ സംരക്ഷണക്കുറവ് തുടങ്ങി ട്രാന്‍സ്‌ജെന്ററുകളുടെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ന്യൂനപക്ഷങ്ങള്‍ക്കും അവശവിഭാഗങ്ങള്‍ക്കും നല്കുന്ന സംവരണം ട്രാന്‍സ്‌ജെന്ററുകള്‍ക്ക് നല്‌കേണ്ടതാണ്. തമിഴ്‌നാട് സര്‍ക്കാര്‍ ട്രാന്‍സ്‌ജെന്റര്‍ ക്ഷേമനിധി ബോര്‍ഡും ട്രാന്‍സ്‌ജെന്റര്‍ കമ്മീഷനും രൂപീകരിച്ച് ട്രാന്‍സ്‌ജെന്ററുകളുടെ ക്ഷേമവും മനുഷ്യാവകാശങ്ങളും ഉറപ്പുവരുത്തുന്നു. എല്ലാ സംസ്ഥാനങ്ങളും തമിഴ്‌നാട് സര്‍ക്കാരിനെ മാതൃകയാക്കിയാല്‍ ട്രാന്‍സ്‌ജെന്ററുകളുടെ അവകാശങ്ങള്‍ കുറെയെങ്കിലും സംരക്ഷിക്കപ്പെട്ടേനെ.
തൃതീയ ലിംഗത്തെ അംഗീകരിക്കുന്ന സംസ്കാരമുള്ള ഭാരതത്തില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ട്രാന്‍സ്‌ജെന്ററുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ നിയമം പരാജയപ്പെട്ടു എന്നത് നമ്മുടെ സംസ്‌കാരിക തനിമയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും തകര്‍ച്ചയാണ് കാണിക്കുന്നത്. ഇത്തരത്തില്‍ ട്രാന്‍സ്‌ജെന്ററുകള്‍ക്കുനേരെയുള്ള ആക്രമണങ്ങളും അവരുടെ അവകാശനിഷേധങ്ങളും ഗൗരവമായെടുത്ത് വേണ്ട നിയമനിര്‍മ്മാണം നടത്തേണ്ടത് പൊതു സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്.


(Article originally published in www.news4kerala.com)

2 comments:

  1. you are right.Human rights are rights guaranteed to an individual respect to the fact that they r human;irrespective of the fact that they r male or female.So if they r human there rights should be guaranteed and protected.

    ReplyDelete