Monday 11 March 2013

എന്‍റിക്കാ ലെക്സി കേസ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ Written by
എന്‍റിക്കാ ലെക്സി കേസ്  ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയില്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍
2012-ഫെബ്രുവരി മാസം 15-തീയതി കേരളത്തിന്റെ മത്സ്യബന്ധന തലസ്ഥാനമായ കൊല്ലം നീണ്ടകരയിലെ മത്സ്യബന്ധന സമൂഹത്തെ ഞെട്ടിച്ചുകൊണ്ട് എന്‍ റിക്ക ലെക്സി കടല്‍കൊലപാതകം എന്ന ദാരുണ സംഭവം ഉണ്ടായി.അറബിക്കടലില്‍ മല്‍സ്യബന്ധനത്തിനായി പോയിട്ട് മടങ്ങി വരുകയായിരുന്ന സെന്റ് ആന്റണീസ് എന്ന മത്സ്യബന്ധന ബോട്ടിനു നേരെ എന്റിക്കാ ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലില്‍ നിന്നും ഇറ്റാലിയന്‍ മറീനുകള്‍ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ക്കുകയും മല്‍സ്യതൊഴിലാളികള്‍ ആയ ജെലസ്റ്റിന്‍ എന്ന വലന്റൈന്‍ ,അജീഷ് പിങ്കി എന്നിവര്‍ കൊല്ലപ്പെടുകയും ചെയ്തു .കടല്‍ കൊള്ളക്കാര്‍ ആണെന്ന് കരുതി വെടിയുതിര്‍ത്തു എന്നായിരുന്നു നാവികരുടെ ഭാഷ്യം .

എന്നാല്‍ കോസ്റ്റ് ഗാര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അനുസരിച്ച് നാവികര്‍ ഇരുപതു റൌണ്ട് ആണ് വെടി വച്ചിട്ടുള്ളത് . തുടര്‍ന്ന് കേരളാ പോലീസ് നീണ്ടകര പോലീസ് സ്റേഷന്‍ ക്രൈം നമ്പര്‍ 2/2012 ആയി FIR രജിസ്റ്റര്‍ ചെയ്യുകയും ഇറ്റാലിയന്‍ നാവികര്‍ ആയ മാസിമിലാണോ ലതോര്‍ ,സാല്‍വഡോര്‍ ഗിരോണ്‍ എന്നിവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിനു കേസ് എടുക്കുകയും ചെയ്തു .തുടര്‍ന്ന് 2012-ഫെബ്രുവരി 16-നു ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ,കേസില്‍ ഉള്‍പ്പെട്ട എന്റിക്കാ ലെക്സി എന്ന ഇറ്റാലിയന്‍ കപ്പല്‍ പിടിച്ചെടുത്തു കൊച്ചിയില്‍ എത്തിച്ചു .തുടര്‍ന്ന് നീണ്ടകര തീരദേശ പോലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കപ്പല്‍ തുറമുഖം വിട്ടുപോകരുതെന്നു കപ്പലിനോട് രേഖാ മൂലം 2012 ഫെബ്രുവരി 26-നു ഉത്തരവ് നല്‍കുകയും ചെയ്തു .
സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ ഉത്തരവിനെതിരെ യാത്രാനുമതി തേടിക്കൊണ്ട് കപ്പലുടമകള്‍ കേരള ഹൈക്കോടതിയില്‍ റിട്ട് പെറ്റീഷന്‍ ഫയല്‍ ചെയ്യുകയും സിംഗിള്‍ ബഞ്ച് പെറ്റീഷന്‍ അനുവദിച്ചുകൊണ്ട് 2012 മാര്‍ച്ച് 29-നു കപ്പലിനു യാത്രാനുമതി നല്‍കുകയും ചെയ്തു .ഇതിനെതിരെ മരണപ്പെട്ട ജെലസ്റ്റിന്റെ ഭാര്യയായ ഡോറാമ്മ കേരള ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് മുന്‍പാകെ റിട്ട് അപ്പീല്‍ ബോധിപ്പിക്കുകയുണ്ടായി ,കേസില്‍ CrPC 102 (3) വകുപ്പ് പ്രകാരം അന്വഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ സിംഗിള്‍ ബഞ്ചിന്റെ വിധി ന്യായീകരിക്കാവുന്നതല്ല എന്ന് പ്രസ്തുത അപ്പീലിന്മേല്‍ ഡിവിഷന്‍ ബഞ്ച് കണ്ടെത്തുകയും 2012 ഏപ്രില്‍ 3-നു സിംഗിള്‍ ബഞ്ചിന്റെ വിധി അസ്ഥിരപ്പെടുത്തുകയും,കേസ് പരിഗണിക്കുന്ന കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെ CrPC 457-വകുപ്പ് പ്രകാരം സമീപിച്ചു കൊള്ളാന്‍ ഉത്തരവിടുകയും ചെയ്തു .

ഇപ്രകാരം ഡിവിഷന്‍ ബഞ്ച് മുന്‍പാകെ റിട്ട് അപ്പീല്‍ നിലനില്‍ക്കെ, മരണപ്പെട്ട മല്‍സ്യതൊഴിലാളികളുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മൂന്നു അഡ്മിറാലിറ്റി കേസുകള്‍ ഫയല്‍ ചെയ്യുകയുണ്ടായി .തുടര്‍ന്ന് ജെലസ്റ്റിന്റെ ഭാര്യയായ ഡോറാമ്മ ,ബോട്ടിന്റെ ഉടമ ഫ്രെഡി ,അജീഷ് പിങ്കിയുടെ സഹോദരിമാരായ അഭിനവ് സേവ്യറും ആഗ്നസ് സേവ്യറും എന്നിവര്‍ ഫയല്‍ ചെയ്ത ടി മൂന്നു അഡ്മിറാലിറ്റി കേസുകള്‍ ലോക അദാലത്ത് മുന്‍പാകെ ഒത്തു തീര്‍പ്പില്‍ എത്തുകയും കോടതിയിലെ നഷ്ടപരിഹാര കേസുകള്‍ പിന്‍വലിക്കപ്പെടുകയും ചെയ്തു .വാദികള്‍ക്ക് ഒരു കോടി രൂപാ വീതം നഷ്ടാരിഹാരം ലഭിക്കുകയുമുണ്ടായി .ഇറ്റാലിയന്‍ സര്‍ക്കാര്‍ ടി അഡ്മിറാലിറ്റി കേസില്‍ കക്ഷി ചേര്‍ന്നതിനു ശേഷം മാത്രമാണ് കേസ് ഇപ്രകാരം പരിഹരിക്കപ്പെട്ടത് .പരസ്പര ബഹുമാനത്തിന്റെയും പ്രതിചായയുടെയും പേരിലാണ് നഷ്ടപരിഹാരം നല്‍കുന്നത് എന്നും മറ്റു കേസുകളെ ഈ കരാര്‍ ബാധിക്കില്ല എന്നും ലോക അദാലത്തിന്റെ മുന്നില്‍ വച്ച് ഒപ്പുവച്ച കരാറില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്തി ട്ടുണ്ട്.
ഇതിനിടെ റിട്ട് അപ്പീലില്‍ കക്ഷി ചേര്‍ന്ന ഇറ്റാലിയന്‍ സര്‍ക്കാര്‍ ഭരണഘടനയുടെ 32-ആം അനുച്ഛേദം അനുസരിച്ച് സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്യുകയും ,ഹര്‍ജിയില്‍ വാദം കേള്‍ക്കവേ എന്റിക്കാ ലെക്സി എന്ന കപ്പല്‍ ഇനി കേസിന്റെ തുടര്‍ നടപടികള്‍ക്കായി ആവശ്യമില്ലയെന്നു കേരളത്തിന് വേണ്ടി ഹാജരായ ഗോപാല്‍ സുബ്രമണ്യം കോടതിയില്‍ അറിയിച്ചതിനെ തുടര്‍ന്ന് കേരളഹൈക്കോടതി വിധിയെ അസ്ഥിരപ്പെടുതിക്കൊണ്ട് സുപ്രീം കോടതി, ഉത്തരവ് പുറപ്പെടുവിക്കുകയും കപ്പലുടമയോട് മൂന്നു കോടി രൂപാ ബോണ്ട് കെട്ടി വയ്ക്കാനും കപ്പലിലെ ക്രൂ അംഗങ്ങളെ വേണ്ടിവന്നാല്‍ വിചാരണക്ക് ഹാജരാക്കണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുകയും കേസിലെ പ്രതികള്‍ ആയ മാസിമിലാണോ ലതോര്‍ ,സാല്‍വഡോര്‍ ഗിരോണ്‍ എന്നിവര്‍ ഒഴിച്ച് വോഗ്ലിനാ രിനാറ്റോ,അന്ദ്രോനിക്കോ മാസിമോ ,രഫാന്റാണോ അന്റോണിയോ ,കൊന്റെ അലക്സാന്ദ്രോ എന്നീ നാവികരെയും എന്റിക്കാ ലെക്സി കപ്പലിനെയും ഇന്ത്യ വിടാന്‍ അനുവദിക്കുകയും ചെയ്തു .തുടര്‍ന്ന് 2012
മാര്‍ച്ച് നാലാം തീയതി രണ്ടു ഇറ്റാലിയന്‍ നാവികരെയും കോടതി ജുഡീഷ്യല്‍ കസ്റഡിയില്‍ അയക്കുകയും ചെയ്തു .
തുടര്‍ന്ന് 2012 മെയ് 18 നു പോലിസ് ലഭ്യമായ തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ 196 പേജ് വരുന്ന ചാര്‍ജ് ഷീറ്റ് കൊല്ലം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ചു .ഇതില്‍ 126 തെളിവുകളും ചേര്‍ത്തിരുന്നു .കൊലപാതകവും അന്താരാഷ്ട്രകടല്‍ നിയമങ്ങളുടെ ലംഘനവും അതോടൊപ്പം ഇന്ത്യന്‍ ശിക്ഷ നിയമം 307 വകുപ്പ് (കൊലപാതകശ്രമം )427 വകുപ്പ് (നഷ്ടം ഉണ്ടാക്കല്‍ ) 34 (കൂട്ടായ ഉത്തരവാദിത്വം ),suppression of unlawful act of international maritime navigation വകുപ്പ് 3 പ്രകരവും കുറ്റക്കാര്‍ ആണെന്ന് പോലിസ് ആരോപിച്ചു .105 ദിവസത്തെ തടവിനു ശേഷം കര്‍ശന ഉപാധികളോടെയും ഒരു കോടി രൂപ ബോണ്ടിന്റെ അടിസ്ഥാനത്തിലും നാവികര്‍ ഇന്ത്യ വിട്ടു പോകില്ല എന്ന് ഇറ്റാലിയന്‍ ഗവണ്മെന്റിന്റെ ഉറപ്പിന്റെ അടിസ്ഥാനത്തിലും രണ്ടു നാവികര്‍ക്കും 2012 ജൂണ്‍ 2- നു കോടതി ജാമ്യം അനുവദിച്ചു .കൊച്ചി സിറ്റി പോലിസ് കമ്മിഷണര്‍ ഓഫിസിന്റെ 10 km ചുറ്റളവ് വിട്ടു പുറത്തു പോകാന്‍ പാടില്ല എന്നും എല്ലാ ദിവസവും രാവിലെ 10 നും 11 നും ഇടയില്‍ കമ്മിഷണര്‍ ഓഫീസില്‍ വന്നു ഒപ്പിടണം എന്നും കോടതി ജാമ്യവ്യവസ്ഥയില്‍ വ്യക്തമാക്കിയിട്ടുണ്ട് .അതോടൊപ്പം ,2012 September 14 നു ഇറ്റാലിയന്‍ ഗവന്മേന്റ്റ് ഇന്ത്യന്‍ സുപ്രീം കോടതിയില്‍ കേരളത്തിലെ കോടതി നടപടികള്‍ ചോദ്യം ചെയ്തു കൊണ്ട് ഹര്‍ജി ഫയല്‍ ചെയ്തതും പ്രസ്തുത ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയും ആണ് .

ഈ കേസില്‍ ഉന്നയിക്കപ്പെടുന്ന പ്രധാന നിയമപ്രശ്നങ്ങള്‍ താഴെ പറയുന്നവ ആണ്
1) ഇന്ത്യന്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലത്ത് ആണോ സംഭവ സമയത്ത് എന്‍ റിക്കാ ലെക്സി ഉണ്ടായിരുന്നത് ?
എന്‍ റിക്കാ ലെക്സി 14- 22 നോട്ടിക്കല്‍ മൈലിനുള്ളില്‍ ആയിരുന്നു എന്നും ഇന്ത്യന്‍ പരിധി ആയ 12 നോട്ടിക്കല്‍ മൈലിന് പുറത്തു ആയിരുന്നു എന്നും ആയതിനാല്‍ ഇന്ത്യന്‍ കോടതികള്‍ക്ക് ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ അധികാരം ഇല്ല എന്നും ആണ് ഇറ്റലിയുടെ വാദം .
എന്നാല്‍ ഇന്ത്യന്‍ ശിക്ഷനിയമം 3 വകുപ്പ് ,ഇന്ത്യന്‍ കരാതിര്‍ത്തിക്ക് പുറത്തു ഇന്ത്യന്‍ ശിക്ഷ നിയമം അനുസരിച്ചുള്ള ഒരു കുറ്റം ചെയ്ത പ്രതി ഇന്ത്യയില്‍ എത്തിയാല്‍ ഇന്ത്യയില്‍ വിചാരണ നടത്തി ശിക്ഷിക്കാം എന്നും അനുശാസിക്കുന്നു .ഇവിടെ ഇറ്റാലിയന്‍ നാവികര്‍ കുറ്റം ചെയ്ത ശേഷം ഇന്ത്യയിൽ എത്തിയതിനാല്‍ 3 വകുപ്പ് പ്രകാരം കേസെടുക്കാന്‍ ഇന്ത്യന്‍ കോടതികള്‍ക്ക് അധികാരം ഉള്ളത് ആണ്. കൂടാതെ ഇന്ത്യന്‍ കരാതിര്‍ത്തിയില്‍ അല്ലായിരുന്നു എന്നു വാദത്തിനായി സമ്മതിച്ചാല്‍ പോലും വെടിയേറ്റത് ഇന്ത്യന്‍ പൌരന്മാര്കും ഇന്ത്യന്‍ ടെറിട്ടറിക്കുള്ളിലും ആണ് . അതായതു വെടിവെപ്പിന്റെ പ്രഭാവം ഉണ്ടായതു ഇന്ത്യന്‍ ടെറിട്ടറിയിലും ഇന്ത്യക്കാരനിലും ആണ് .ആയതിനാല്‍ നടപടി സ്വീകരിക്കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമം അനുസരിച്ച് ഇന്ത്യന്‍ കോടതിക്ക് അധികാരം ഉണ്ട്.
Suppression of Unlawful Acts of Violence Against the Safety of Maritime Navigation Convention (SUA) 1988-ല്‍ ഇന്ത്യയും ഇറ്റലിയും ഒപ്പ് വച്ചിട്ടുള്ളതും അതനുസരിച്ച് ഇന്ത്യക്കും ഇറ്റലിക്കും കേസ് എടുക്കാന്‍ അധികാരം ഉള്ളതുമാണ് .ഈ കേസില്‍ നാവികര്‍ ഇന്ത്യയിലായതിനാല്‍ SUA അനുസരിച്ചും ഇന്ത്യന്‍ കോടതിക്ക് കേസ് എടുക്കാന്‍ അധികാരം ഉണ്ട്. അതുപോലെ അന്താരാഷ്ട്ര നിയമമനുസരിച്ചു 200 നോട്ടിക്കല്‍ മൈല്‍ വരെ ഒരു രാജ്യത്തിന്‍റെ "Exclusive Economic Zone ( EEZ ) ആണ്.അവിടെ മല്‍സ്യ ബന്ധനത്തിനും ഖനനത്തിനും രാജ്യത്തിന് അധികാരം ഉണ്ട് .24 നോട്ടിക്കല്‍ മൈല്‍ വരെ "contigous zone" ആണ്.contigous zone ല്‍ അതത് രാജ്യങ്ങള്‍ക്ക് അവിടെ വച്ചുണ്ടാകന്ന കുറ്റകൃത്യങ്ങള്‍ തടയാനും ശിക്ഷിക്കാനും അധികാരം ഉണ്ട് .ഇത്തരത്തില്‍ ഉള്ള അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരവും കേസില്‍ ഇന്ത്യയുടെ അധികാര പരിധി ഉറപ്പിക്കുന്നു.
2) ക്രിമിനല്‍ നടപടി നിയമം ( CrPC ) 102 വകുപ്പനുസരിച്ച് കേസിലകപ്പെട്ട വസ്തു വകകള്‍ കണ്ടെത്താനുള്ള അധികാരം പോലീസിനുണ്ട്. ഈ വകുപ്പ് അനുസരിച്ചാണ് പോലീസ് നീണ്ടകര തീരദേശ പോലീസ് സ്റ്റേഷന്‍ ക്രൈം നമ്പര്‍ 2/2012 കേസിനാസപദമായ എന്റ്റിക ലെക്സി പിടിച്ചെടുത്തത്.
3) ഇറ്റാലിയന്‍ ഗവണമെന്റ് ,ഇറ്റാലിയന്‍ നാവികര്‍ സൈനിക നടപടി ആണ് നടത്തിയതെന്നും അവര്‍ക്ക് "soverign immunity" കിട്ടും എന്നും അവകാശപെട്ടു.അതിനാല്‍ ഇറ്റാലിയന്‍ നാവികരെ വിചാരണ ചെയ്യാന്‍ ഇന്ത്യന്‍ കോടതിക്ക് അധികാരമില്ല എന്നുമുള്ള അവരുടെ വാദം കേരള ഹൈക്കോടതി നിരസിച്ചു."soverign immunity" എന്ന പ്രത്യേക ആനുകൂല്യം രാഷ്ട്രഭരണാധികാരികള്‍ക്കും ഭരണ സംവിധാനത്തിനും മാത്രമേ ലഭ്യമാവുകയുള്ളൂ എന്നതിനാല്‍ എണ്ണ കപ്പലിലെ നാവികര്‍ക്ക് അത് ലഭ്യമാകും എന്ന ഇറ്റാലിയന്‍ വാദം അംഗീകരിക്കാന്‍ ആവില്ല.
2012 ഡിസംബര്‍ 15 ന് ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗിയോ പോലോ ഡി പൌലോ ഇന്ത്യയില്‍ എത്തുകയും നാവികരെ സന്ദര്‍ശിക്കുകയും ഉണ്ടായി.ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലും കോടതികളിലും പരിപൂര്‍ണ്ണ വിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം ദേശീയ - അന്തര്‍ദേശീയ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരം ഉരുത്തിരിയുമെന്നു പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. അതോടൊപ്പം നാവീകരെ ക്രിസ്മസ് ആഘോഷിക്കുവാന്‍ നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്നു ഹൈക്കോടതിയോട് അപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ മത്സ്യത്തൊഴിലാളി സമൂഹവും കേരള സര്‍ക്കാരും അതിശക്തമായി രംഗത്തു വന്നതിനെ തുടര്‍ന്ന് ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് അഭിപ്രായം ആരായുകയുണ്ടായി അതിന്മേല്‍ നടപടികള്‍ കോടതിക്ക് തീരുമാനിക്കാം എന്ന അഭിപ്രായം കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിക്കുകയും ചെയ്തു . അതിനേത്തുടര്‍ന്ന് 2012 ഡിസംബര്‍ 20 നു കേരളാ ഹൈക്കോടതി രണ്ട് ഇറ്റാലിയന്‍ നാവീകര്‍ക്കും ജാമ്യ വ്യവസ്ഥയില്‍ ഇളവ് ചെയ്ത് ക്രിസ്മസിന് രണ്ടാഴ്ച്ച ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുമതി നല്‍കി. പുതുക്കിയ ജാമ്യ വ്യവസ്ഥ അനുസരിച്ച് ,ജനുവരി 10, 2012 നു മടങ്ങിയെത്തുമെന്ന് ഇറ്റാലിയന്‍ ഗവണ്‍മെന്‍റ് കോടതിയില്‍ ഉറപ്പുനല്‍കുകയും 6 കോടി രൂപയുടെ ബോണ്ട് കെട്ടിവയ്ക്കുകയും ചെയ്തു.
ഇന്ത്യന്‍ പൌരന്മാരായ രണ്ടുപേരെ നമ്മുടെ രാജ്യാതിര്‍ത്തിയില്‍ വച്ച് യാതൊരു പ്രകോപനവും ഇല്ലാതിരുന്നിട്ടും വെടിവച്ചു കൊന്നവെന്നകുറ്റത്തിന് രണ്ടു പേരെ, നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്ന നിയമവ്യവസ്ഥിതി അനുസരിച്ച് വിചാരണ ചെയ്തു, നീതി നടപ്പിലാക്കുക എന്ന സാധാരണ നീതിന്യായ നടപടികളുമായി ഭരണഘടനാ സ്ഥാപനങ്ങള്‍ മുന്നോട്ടു പോകുമ്പോള്‍ , അതിന്മേല്‍ ഉണ്ടായ അപൂര്‍വ്വവും അസാധാരണവുമായ ചര്‍ച്ചകളും സാധാരണക്കാര്‍ക്ക് അപ്രാപ്യം ആയ രാജ്യാന്തര നയതന്ത്രങ്ങളിലെ നീക്കുപോക്കുകളും ഒക്കെ കാണുകയും കേള്‍ക്കുകയും ചെയ്യുമ്പോള്‍ ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നീതിയുടെയും ന്യായത്തിന്റെയും വിതരണത്തില്‍ ഉണ്ടാകുന്ന ചില അസമത്വങ്ങള്‍ സ്വാഭാവിക ചോദ്യങ്ങളായി ഉയരുന്നുണ്ട് .
ഇറ്റലിയിലെ ജയിലുകളില്‍ 109 ഇന്‍ഡ്യന്‍ തടവുകാര്‍ ശിക്ഷയനുഭവിക്കുന്നുണ്ട്. അവരുടെ കേസിന്‍റെ വിശദാംശങ്ങള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ നയതന്ത്ര കാരണങ്ങളാല്‍ നല്‍കാനാവില്ല എന്നാണ് ഇറ്റലി പ്രതികരിച്ചിട്ടുള്ളത്. അതുപോലെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ശ്രീലങ്കന്‍ ജയിലുകളില്‍ നിരവധി ഇന്ത്യക്കാര്‍ തടവിലുണ്ട്.
ഇറ്റാലിയന്‍ നാവീകരുടെ സുഖലോലുപതക്ക് രാജ്യാന്തര നയതന്ത്ര പ്രാധാന്യം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ കൈകളില്‍ സ്വന്തം ജീവനുവേണ്ടി യാചിച്ച മലയാളികളടക്കമുള്ള ബന്ധികളുടെ മോചനത്തിനായി ചെറുവിരലനക്കാതിരുന്ന നയതത്ര കാപട്യത്തിന്, ഭരണകൂടത്തോടുള്ള വെറുപ്പും നിരാശയും സാധാരണക്കാരില്‍ സൃഷ്ടിക്കാനേ ഉതകൂ
ഇറ്റാലിയന്‍ നാവീകരുടെ സുഖലോലുപതക്ക് രാജ്യാന്തര നയതന്ത്ര പ്രാധാന്യം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ സോമാലിയന്‍ കടല്‍ കൊള്ളക്കാരുടെ കൈകളില്‍ സ്വന്തം ജീവനുവേണ്ടി യാചിച്ച മലയാളികളടക്കമുള്ള ബന്ധികളുടെ മോചനത്തിനായി ചെറുവിരലനക്കാതിരുന്ന നയതത്ര കാപട്യത്തിന്, ഭരണകൂടത്തോടുള്ള വെറുപ്പും നിരാശയും സാധാരണക്കാരില്‍ സൃഷ്ടിക്കാനേ ഉതകൂ . ഭരണകൂടത്തിന്റെ ഇത്തരത്തിലുള്ള ഇരട്ടത്താപ്പുകളില്‍ നിന്നുമാണ് രാജ്യത്തോടും ഭാരണാധികാരികളോടും ഉള്ള വെറുപ്പും അതുവഴി സാധാരണക്കാരില്‍ പോലും തീവ്രവാദപരമായ നിലപാടുകള്‍ ഉണ്ടാകുകയും ചെയ്യുന്നത് .
ഇറ്റാലിയൻ നാവികർക്ക് ജാമ്യവ്യവസ്ഥയിൽ ഇളവനുവദിച്ച് പോകാനനുവദിച്ചത് ഇൻഡ്യൻ ഭരണഘടന വിദേശികളുടെ പോലും വ്യക്തിസ്വാതന്ത്ര്യത്തിനു നൽകുന്ന പ്രാധാന്യത്തിന് ഉത്തമോദാഹരണവും ലോകരാജ്യങ്ങൾക്ക് മാതൃകയുമാണ്. അതുപോലെ തന്നെ സംശയാതീതമായി കുറ്റം തെളിയിക്കപ്പെടുന്നതുവരെ കുറ്റാരോപിതർ നിരപരാധികളാണെന്ന ക്രിമിനൽ നിയമത്തിന്റെ സുവർണ്ണരേഖയും ഉയർത്തിപിടിക്കാൻ ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയ്ക്ക കഴിഞ്ഞിരിക്കുന്നു.
ഇറ്റാലിയൻ നാവികർ ഇൻഡ്യൻ നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമർപ്പിച്ച് മടങ്ങിയെത്തിയിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിലും ഇൻഡ്യൻ തടവുകാർ വിവിധരാജ്യങ്ങളിലെ ജയിലുകളിൽ മനുഷ്യാവകാശങ്ങളും നീതിയും നിഷേധിക്കപ്പെട്ട് തടവിലാക്കപ്പെട്ടിരിക്കുന്നു എന്നത് വേദനാജനകമായ സത്യമാണ്. ഇറ്റാലിയൻ നാവികരുടെ സംരക്ഷണഥിനായി സ്വീകരിച്ച നയതന്ത്ര നടപടികൾ ഇൻഡ്യൻ സർക്കാരിന്റെ കണ്ണുതുറപ്പിക്കുമെന്ന് പ്രത്യാശിക്കാം.

No comments:

Post a Comment