Friday 10 May 2013

സേവനാവകാശ നിയമം ; എന്ത് : എന്തിന്


സേവനാവകാശ നിയമം ; എന്ത് : എന്തിന്
ജനാധിപത്യം ജനങ്ങളാല്‍ ജനങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ തെരഞ്ഞെടുക്കപ്പെടുന്ന ഭരണസംവിധാനമാണ് ഏകാധിപത്യത്തില്‍ നിന്നും രാജവാഴ്ചയില്‍ നിന്നും ജനാധിപത്യത്തിലേക്കുള്ള പ്രയാണം പൌരനെ അവകാശങ്ങളുടെ വാഗ്ദത്ത ഭൂമിയിലെത്തിക്കുന്നു. എന്നാല്‍ അഴിമതിയും ചുവപ്പു നാടയും സ്വജപക്ഷപാതവും ജനാധിപത്യത്തിന്റെ മരണമണി മുഴക്കി തുടങ്ങി. തകര്‍ന്ന് നമ്മള്‍ ജനാധിപത്യസംരക്ഷണത്തിനും ജനാധിപത്യത്തിന്റെ സുതാര്യമായ നടത്തിപ്പിനുമായുള്ള നിയമങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി.
അറിയാനുള്ള അവകാശം സംരക്ഷിക്കാനാണ് ഇന്‍ഡ്യന്‍ പാര്‍ലമെന്റ് 2005 ല്‍ വിവരാവകാശ നിയമം പാസ്സാക്കുകയുണ്ടായി. വളരെയധികം ദൂരവ്യാപക മാറ്റങ്ങളുണ്ടാക്കിയ നിയമമാണത്. പോലീസ് സ്റേഷന്‍, വില്ലേജാഫീസ്, സ്ക്കൂള്‍,ആശൂപത്രി തുടങ്ങി ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളില്‍ നിന്നും വിവരങ്ങള്‍ അറിയാന്‍ ഈ നിയമം സഹായിക്കുന്നു. ഇപ്പോഴത്തെ ഈ പുതിയ അവകാശവും നിയമവും വിവരാവകാശത്തിന്റെ തുടര്‍ച്ചയായി കണക്കാക്കാവുന്നതാണ്.
ഡ്രൈവിംഗ് ടെസ്റ് പാസ്സായതിന്റെ അടുത്തദിവസം തന്നെ ഡ്രൈവിംഗ് ലൈസന്‍സ്. കുട്ടിയുടെ ജനനം രജിസ്റര്‍ ചെയ്തതിന്റെ അടുത്ത ആഴ്ച തന്നെ ജനന സര്‍ട്ടിഫിക്കേറ്റ് ഇത്തരമൊരു സംവിധാനം അവിശ്വസനീയം അല്ലേ? ഇതാണ് പുതിയ അവകാശത്തിന്റെ നിയമത്തിന്റെ പ്രസക്തി.കേരളസര്‍ക്കാര്‍ പാസ്സാക്കിയ സേവനാവകാശ നിയമം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ ഔദാര്യമല്ല അവകാശമാണെന്ന വാദത്തിന് ഊന്നല്‍ നല്‍കുന്നു. ഈ നിയമമനുസരിച്ച് അര്‍ഹരായ വ്യക്തികള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ സമയപരിധിക്കുള്ളില്‍ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഇതില്‍ വീഴ്ചവരുത്തുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആയതിന് നിയമപരമായി ഉത്തരവാദികളായിരിക്കും.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നു. ജനനമരണ താമസ സര്‍ട്ടിഫിക്കേറ്റുകള്‍, വൈദ്യുതി, ടെലിഫോണ്‍ കണക്ഷന്‍, റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റവന്യൂ രേഖകള്‍ ഇവയെല്ലാം ഈ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 13 സര്‍ക്കാര്‍ അനുബന്ധ സര്‍വ്വീസുകളും 9 പോലീസുമായി ബന്ധപ്പെട്ട സര്‍വ്വീസുകളും ഈ നിയമപ്രകാരമുള്ള സമയബന്ധിതസേവനം ഉറപ്പു നല്‍കുന്നു. ഡ്രൈവിംഗ് ലൈസന്‍സ്, വസ്തു രജിസ്ട്രേഷന്‍ മേഖലകളില്‍ നടക്കുന്ന വ്യവസ്ഥാപിത അഴിമതിയും സുതാര്യമില്ലായ്മയും ഗൌരവമായ പ്രശ്നങ്ങളാണ്.
ഇന്‍ഡ്യയില്‍ 2010 ഒക്ടോബര്‍ 18-ാം തീയതി മധ്യപ്രദേശാണ് ഈ നിയമം ആദ്യമായി നിലവില്‍ കൊണ്ടുവന്നത്. കേരളം 2012 ജൂലൈ 12 ന് സേവനാവകാശ നിയമം പാസ്സാക്കി. കൂടാതെ ഡല്‍ഹി, പഞ്ചാബ്, ഗിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജന്മുകാശ്മീര്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഖണ്ഡ്, കര്‍ണ്ണാടക സംസ്ഥാനങ്ങളും സേവനാവകാശ നിയമം നടപ്പാക്കുന്നു.
ബീഹാറില്‍ കഴിഞ്ഞഒരു വര്‍ഷത്തിനുള്ളില്‍ ഈ നിയമത്തിന്റെ പരിധിയില്‍ 1.83 കോടി അപേക്ഷകള്‍ ഫയല്‍ ചെയ്യപ്പെട്ടു. ഇതില്‍ കൂടുതലും ജാതി, താമസം, വരുമാന സര്‍ട്ടിഫിക്കേറ്റുകള്‍ ലഭിക്കാനാണ്. അതുപോലെ തന്നെ ബീഹാറില്‍ 50 സര്‍വ്വീസുകള്‍ എന്നത് കര്‍ണ്ണാടകയിലെത്തുമ്പോള്‍ 151 സര്‍വ്വീസുകളായി വര്‍ദ്ധിക്കുന്നു.
കേരള സേവന അവകാശനിയമമനുസരിച്ച് ഒരു പൌരന്‍ സേവനത്തിനായി അപേക്ഷ നല്‍കിയശേഷം സമയബന്ധിതമായി സേവനം ലഭ്യമായില്ലെങ്കില്‍ ഒന്നാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാനാവുന്നതാണ്. ഇരുകക്ഷികളെയും കേട്ടശേഷം ഫോറം ഉത്തരവ് പാസ്സാക്കേണ്ടതാണ്. അതിനെതിരെ രണ്ടാം അപ്പലേറ്റ് ഫോറം മുമ്പാകെ അപ്പീല്‍ ബോധിപ്പിക്കാവുന്നതും അപ്പീല്‍ ഫോറം സേവനം നല്‍കുന്നതില്‍ മതിയായ കാരണങ്ങളില്ലാതെ വീഴ്ചവരുത്തി എന്നു കണ്ടെത്തിയാല്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥനില്‍ നിന്നും 500 മുതല്‍ 5000 രൂപവരെ പിഴ ഈടാക്കാവുന്നതും കൂടാതെ മറ്റ് ശിക്ഷാ നടപടികള്‍ സ്വീകരിക്കാവുന്നതുമാണ്. അപ്പലേറ്റ് ഫോറത്തിന് സിവില്‍ കോടതിയുടെ അധികാരങ്ങള്‍ ഉള്ളതാണ്.
ഈ നിയമത്തെക്കുറിച്ച് ഈ പുതിയ അവകാശത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കുക എന്നതാണ് പ്രധാന പ്രശ്നം. ജനങ്ങളില്‍ സേവനാവകാശത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച് മാത്രമേ ഈ നിയമം ജനങ്ങളിലെത്തിക്കാനും പ്രാവര്‍ത്തികമാക്കാനും കഴിയുകയുള്ളു. ഇന്‍ഡ്യയിലെങ്ങും ഈ നിയമം മാറ്റത്തിന്റെ കാറ്റുവീശുമെന്ന് പ്രത്യാശിക്കാം.

1 comment:

  1. Section 3 of the Bill says every government department, Head of the department, local self-government institution and statutory body should, within six months of the commencement of the Act, notify the services that will be rendered by each of them and the designated officers for providing services and the stipulated time limit for.
    doing so.

    ReplyDelete