Tuesday 14 May 2013

മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കുന്നുവോ


മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കുന്നുവോ

Written by  

മാധ്യമ വിചാരണ നീതിന്യായ വ്യവസ്ഥയെ ദുര്‍ബലമാക്കുന്നുവോ
R
   ലോകത്തിലെ ഏറ്റവും ബൃഹത്തായ എഴുതപ്പെട്ട ഭരണഘടനയുള്ള രാഷ്ട്രമാണ് ഇന്ത്യ . ഇന്ത്യന്‍ ഭരണഘടനയിലെ മൂന്നാം ഭാഗം മൌലികാവകാശങ്ങള്‍ ഉറപ്പുനല്‍കുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ മഗ്നാകാര്‍ട്ടാ എന്നറിയപ്പെടുന്ന മൂന്നാം ഭാഗത്തില്‍ ജീവിക്കാന്‍ ഉള്ള അവകാശം, സംസാരിക്കാനുള്ള അവകാശം, സ്വതന്ത്രവിചാരണ, മതേതരത്വം തുടങ്ങി പ്രാഥമികമായ എല്ലാ മനുഷ്യാവകാശങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. പത്രസ്വാതന്ത്ര്യം ഭരണഘടനയില്‍ പ്രത്യേകമായി എടുത്തുപറഞ്ഞിട്ടില്ലെങ്കിലും  Article 19(1) ലെ സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തില്‍ പത്രസ്വാതന്ത്ര്യം അന്തര്‍ലീനമായിരിക്കുന്നു . ജനാധിപത്യത്തിന്‍റെ സ്വതന്ത്രമായ നടത്തിപ്പിനു ആവിഷ്കാരസ്വാതന്ത്ര്യം അനിവാര്യമാണ്. ഇന്ത്യന്‍ സുപ്രീംകോടതിയുടെ സുപ്രധാനമായ വിധിന്യായങ്ങളിലൂടെയെല്ലാം പത്രസ്വാതന്ത്ര്യം സംരക്ഷിക്കുന്നു. അതുപോലെ തന്നെ സ്വതന്ത്രവും സുതാര്യവുമായ വിചാരണയും ഇന്ത്യന്‍ ഭരണഘടന ഉറപ്പുവരുത്തുന്നു.

സമീപകാലത്ത് ദൃശ്യ മാധ്യമങ്ങള്‍ മാധ്യമവിചാരണയിലൂടെ കോടതികളുടെ സ്വന്ത്രവും സുതാര്യവുമായ നടപടികളില്‍ ഇടപെടുന്നുവെന്ന് ശക്തമായ ആരോപണം ഉയര്‍ന്നുവന്നിരിക്കുന്നു. ഒരു പൌരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യവും സ്വതന്ത്ര വിചാരണയ്കായുള്ള അവകാശവുമായുള്ള വടംവലിയിലേയ്ക്കിതെത്തിക്കുന്നു. ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനു തന്നെ ഇത് ഭീഷണിയായി മാറുന്നു. ഇന്ന് മാധ്യമങ്ങള്‍ “Breaking News”- നായി പായുന്നു. “Breaking News” എന്നത് ഒരു അപവാദത്തില്‍ ന്നിന്നും സാധാരണ നിയമമായി മാറിയിരിക്കുന്നു .എന്തും ഏതും “Breaking News” ആയി മാറിയിരിക്കുന്നു.

ഒരിക്കല്‍ കോടതിയിൽ വിചാരണ തുടങ്ങിക്കഴിഞ്ഞാല്‍ കുറ്റാരോപിതന്‍റെ ശിക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല. നമ്മുടെ ഇന്ത്യന്‍ ഭരണഘടന അനുസരിച്ച് കുറ്റാരോപിതന്‍റെ വിചാരണയും വിധിപ്രഖ്യാപിക്കലും കോടതികളുടെ കടമയാണ്. ആയതു തകിടം മറിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമില്ല. കൂടാതെ കുറ്റാരോപിതനായ വ്യക്തിയുടെ സമൂഹത്തിലുള്ള സല്‍പ്പേരിനും കണക്കുകൂട്ടാനാകാത്ത നഷ്ടങ്ങള്‍ക്കും ഇത്തരം അസ്ഥാനത്തുള്ള മാധ്യമ വിധിപ്രഖ്യാപനങ്ങള്‍ കാരണമാകുന്നു .

കുറ്റം തെളിയിക്കപ്പെടുന്നത് വരെ കുറ്റാരോപിതന്‍ നിരപരാധിയാണന്നത് ക്രിമിനല്‍ നിയമത്തിന്‍റെ സുവര്‍ണ്ണ പ്രമാണമാണ്‌. അന്വേഷണം നടന്നുകൊണ്ടിരിക്കെത്തന്നെ നടത്തുന്ന മാധ്യമവിചാരണയും വിധിനിര്‍ണയവും നിയമത്തിന്‍റെ ഈ അടിസ്ഥാന പ്രമാണത്തെ കാറ്റില്‍ പറത്തുന്നു. ഭരണഘടനയുടെ 21-ആം അനുച്ഛേദപ്രകാരം- Article 21 കുറ്റാരോപിതന്‍ ഉറപ്പാക്കുന്ന അവകാശത്തിന്‍റെ ലംഘനവുമാണിത്.

       ദൃശ്യമാധ്യമങ്ങളുടെ കാര്യമെടുത്താല്‍ ടെലിവിഷന്‍ ചാനലുകള്‍ പലപ്പോഴും വന്‍കിട നഗരങ്ങളില്‍ നടക്കുന്ന സാമ്പത്തികനേട്ടമുള്ള വാര്‍ത്തകളിലേക്കാണ് ശ്രദ്ധ ചെലുത്തുന്നത്. ഗ്രാമീണ മേഘലയില്‍ ഗ്രാമീണ പ്രശ്നങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്നു. മാധ്യമങ്ങള്‍ സൃഷ്ട്ടിക്കുന്ന ശക്തമായ പൊതുജനാഭിപ്രായത്തില്‍ കോടതികളും പെട്ടുപോകുന്നു. അതുപോലെ ചാര്‍ജുഷീറ്റ് കൊടുത്താലുടന്‍ തന്നെ സാക്ഷികളെ ഇന്റര്‍വ്യൂ ചെയ്യുന്നതും, വിചാരണയെയും വിധി നിര്‍ണയത്തേയും പ്രതികൂലമായി ബാധിക്കുന്നു.

       മാധ്യമവിചാരണ പ്രതികൂലമായി ബാധിച്ച ചില സുപ്രധാന വിധിന്യായങ്ങള്‍ പരിശോധിക്കാം. 1959 ലെ നാനാവതി കേസ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ ഒരു സുപ്രധാനമായ വിധിന്യായമാണ്. നാനാവതി എന്ന നേവല്‍ ഓഫീസറുടെ സുന്ദരിയായ ഭാര്യയായിരുന്നു സില്‍വിയ. സില്‍വിയയുടെ കാമുകന്‍ ആയിരുന്നു ബിസിനസ്സുകാരനായ അഹൂജ ഒരിക്കല്‍ ജോലി കഴിഞ്ഞെത്തിയ നാനാവതി ഭാര്യയുടെ അവിഹിത ബന്ധം മനസ്സിലാക്കുകയും പിന്നീട് 24 മണിക്കൂറിന്  ശേഷം ആഹൂജയെ വെടിവെച്ചു കൊലപ്പെടുത്തുകയും ചെയ്തു. അന്നത്തെ പ്രധാന മാസികയായ “ബ്ലിറ്റ്സ്” പത്രാധിപര്‍ “കരന്ജിയ” നാനാവതിയെ അനുകൂലിച്ചു പരമ്പര പ്രസിദ്ധപ്പെടുത്തുകയും തുടര്‍ന്ന് നടന്ന ജൂറി വിചാരണയില്‍ നാനാവതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും ചെയ്തു . എന്നാല്‍ കോടതി ഇടപെടുകയും ജൂറി വിചാരണ റദ്ദാക്കുകയും പുനര്‍വിചാരണ ഉത്തരവിടുകയും ചെയ്തു. എന്നാല്‍ അവിഹിതബന്ധം അറിഞ്ഞയുടന്‍ കൊല്ലുകയല്ല ചെയ്തത്, പുനര്‍ചിന്തനം നടത്തി 24 മണിക്കൂറുകള്‍ക്ക് ശേഷമാണ് കൊല ചെയ്തത്. പെട്ടന്നുണ്ടായ പ്രകോപനം മൂലം ചെയ്തു എന്ന ആനുകൂല്യത്തിന് നാനാവതി അര്‍ഹനല്ലെന്ന് കണ്ടെത്തി സുപ്രീം കോടതി നാനാവതിയെ ശിക്ഷിച്ചു. ബ്ലീറ്റ്സില്‍ വന്ന റിപ്പോര്‍ട്ടുകള്‍ മാധ്യമ വിചാരണക്ക് ഉത്തമോദാഹരണവും ആയത് കോടതികളെ സ്വാധീനിച്ചിട്ടുള്ളതുമാണ്.


പിന്നീട് ദൃശ്യമാധ്യങ്ങളുടെയും വിവര സാങ്കേതീക വിദ്യയുടെയും മുന്നേറ്റത്തിന്‍റെ കുത്തൊഴുക്കു തന്നെയുണ്ടായി. ദൃശ്യമാധ്യമങ്ങള്‍ പൊതുജനങ്ങളെ സ്വാധീനിക്കുക മാത്രമല്ല public hysteria ഉണ്ടാക്കുക കൂടി ചെയ്തു. ഇത് മാധ്യമങ്ങള്‍ നീതിന്യായ വ്യവസ്ഥയിലുണ്ടാക്കുന്ന പ്രശ്നങ്ങളും കൂടി.


കോളിളക്കം സൃഷ്ടിച്ച പ്രിയദര്‍ശിനി മാട്ടു വധക്കേസില്‍ 25 വയസ്സുകാരിയായ നിയമ വിദ്യാര്‍ത്ഥിയെ 1996 ല്‍ സ്വന്തം വീട്ടില്‍ വെച്ച് സന്തോഷ് കുമാര്‍ സിംഗ് കൊലപ്പെടുത്തി. ഈ കേസില്‍ മാധ്യമങ്ങളുടെ ഇടപെടല്‍ വിചാരണ നേരത്തേയാക്കുകയും കീഴ് കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്തു. 2006 ല്‍ ഡല്‍ഹി ഹൈക്കോടതി പ്രതിയെ ബലാല്‍സംഗത്തിനും കൊലപാതകത്തിനും വധശിക്ഷക്ക് വിധിച്ചു. സുപ്രീം കോടതി ശിക്ഷയെ ജീവപര്യന്തമാക്കി കുറച്ചു.



പ്രസിദ്ധ തെന്നിന്ത്യന്‍ അഭിനേത്രിയായ ഖുഷ്ബൂ 2005 ല്‍ വിവാഹപൂര്‍വ്വ ലൈംഗീകബന്ധത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം മാധ്യമങ്ങള്‍ വന്‍ ചര്‍ച്ചയാക്കുകയും ഖുശ്ബുവിനെതിരെ വിവിധ കോടതികളില്‍ 20 ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യപ്പെടുകയുമുണ്ടായി. പിന്നീട് യാതൊരു നിയമ സാധുതയുമില്ലെന്ന് കണ്ട് എല്ലാ കേസുകളും ഹൈക്കോടതി റദ്ദാക്കുകയുണ്ടായി. ഇപ്രകാരം മാധ്യമങ്ങള്‍ കേസുകള്‍ക്ക് ആവശ്യമില്ലാത്ത പ്രസക്തി നല്‍കുന്നതുവഴി നീതിന്യായ വ്യവസ്ഥ തന്നെ ഹൈജാക് ചെയ്യപ്പെടുന്നു.


ജസീക്ക ലാല്‍ വാദക്കേസില്‍ ടൈംസ് ഓഫ് ഇന്ത്യയുടെ തലക്കെട്ട് തന്നെ "ജസീക്കയെ ആരും കോന്നിട്ടില്ല" (no one killed jessica) എന്നായിരുന്നു. ഇപ്രകാരമുള്ള മാധ്യമ സ്വാധീനത്തില്‍ കീഴ് കോടതി പ്രതിയായ മനു ശര്‍മ്മയെ വെറുതേ വിട്ടു. എന്നാല്‍ പിന്നീട് ഹൈക്കോടതി വിധി തിരുത്തിക്കുറിച്ച് പ്രതിയെ ശിക്ഷിക്കുകയുണ്ടായി.


നീരജ് ഗ്രോവര്‍ വധക്കേസില്‍ നീരജ് ഗ്രോവറുടെ ഭാര്യയായ മരിയ സുബൈരാക്കും അവരുടെ കാമുകനായ ജെറോമും ചേര്‍ന്ന് നീരജ് ഗ്രോവറെ കൊലപ്പെടുത്തുകയും ശവശരീരം മറവു ചെയ്യുകയും ചെയ്തു. കീഴ് കോടതി മരിയ സുബൈരാക്കിനെ തെളിവ് നശിപ്പിച്ചതിന് 3 വര്‍ഷ തടവിനും ജെറോമിനെ കൊലപാതക കുറ്റത്തിന് ജീവപര്യന്തം തടവിനും ശിക്ഷിച്ചു. എന്നാല്‍ മാധ്യമങ്ങള്‍ മരിയ സുബൈരാക്കിന്‍റെ ശിക്ഷ കുറഞ്ഞുപോയെന്നും കൊലപാതക കുറ്റത്തിന് തന്നെ ശിക്ഷിക്കണമെന്നും വാദിച്ചു. അപ്പീല്‍ കോടതിയില്‍ അപ്പീല്‍ പരിഗണനയിലിരിക്കെയാണ് ഇപ്രകാരം മാധ്യമ വിചാരണ നടത്തിയത്. കീഴ് കോടതി തെളിവുകളും സാക്ഷി മൊഴികളും പരിശോധിച്ച ശേഷമാണ് പ്രഖ്യാപിച്ചിരുന്നത്.

പാര്‍ലമെന്‍റ് ആക്രമണ കേസില്‍ പ്രതികളായ അഫ്സല്‍ ഗുരുവിനെയും S. A. R. ഗിലാനിയെയും അറസ്റ്റ് ചെയ്തു കഴിഞ്ഞയുടന്‍ മാധ്യമ വിചാരണ ആരംഭിച്ചിട്ടുള്ളതും തുടര്‍ന്ന് കീഴ് കോടതി രണ്ടു പ്രതികളേയും ശിക്ഷിച്ചിട്ടുള്ളതുമാണ്. അപ്പീല്‍ കോടതി S. A. R. ഗിലാനി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുള്ളതും കുറ്റ വിമുക്തനാക്കിയിട്ടുള്ളതുമാണ്. എന്നാല്‍ അപ്പോഴേക്കും മാധ്യമങ്ങള്‍ ഗിലാനിയെ അപകടകാരിയായ തീവ്രവാദിയായി ചിത്രീകരിച്ചിരുന്നു.


കേരളത്തില്‍ മുത്തൂറ്റ് പോള്‍ വധക്കേസില്‍ മാധ്യമങ്ങള്‍ യഥാര്‍ത്ഥ പ്രതികളേക്കാള്‍ നക്ഷത്ര തിളക്കമുള്ള ഓം പ്രകാശിന്‍റേയും പുത്തന്‍ പാലം രാജേഷിന്‍റേയും പുറകിലായിരുന്നു. അന്വേഷണത്തിനൊടുവില്‍ അവര്‍ സാക്ഷികളായി മാറി. ഈ കേസില്‍ അന്വേഷണം നടക്കവെ അന്വേഷണ ഉദ്യോഗസ്ഥനായ IPS കാരന്‍ നടത്തിയ പത്രസമ്മേളനം കേസിനെ ദോഷകരമായി ബാധിച്ചു. മാധ്യമങ്ങളുടെ അവസരോചിതമല്ലാത്ത ഇടപെടലുകള്‍ കൊണ്ട് വളരെയധികം നീതിന്യായ വാവസ്ഥയെ കുഴക്കിയ കേസാണിത്.


സഹാറ ഇന്ത്യ റിയല്‍ എസ്റ്റേറ്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് Vs. SEBI എന്ന കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ചില്‍ നിലവില്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ പാലിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരിഗണനയിലാണ്.

മാധ്യമ വിചാരണ നടത്തുന്നു എന്ന കാരണത്താല്‍ ജനാധിപത്യത്തിന്റെ കാവല്‍ മാലാഖമാരായ മാധ്യമങ്ങളെ പൂര്‍ണ്ണമായും നിരോധിക്കാണോ നിയന്ത്രിക്കാനോ സാധ്യമല്ല. ജനാധിപത്യത്തിന്റെ സുഗമമായ നടത്തിപ്പിന് മാധ്യമങ്ങള്‍ അവിഭാജ്യമാണ്. അതുപോലെ തന്നെ അനാവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ ജനങ്ങളുടെ അറിയാനുള്ള അവകാശമാണ് ഹനിക്കപ്പെടുന്നത്.

 നിയമക്കമീഷന്റെ (LAW COMMISSION ) 200 ആം റിപ്പോര്‍ട്ട് '' മാധ്യമ വിചാരണ '' എന്നതലക്കെട്ടില്‍ ഈ വിഷയം പരിഗണിച്ചിരുന്നു. മാധ്യമങ്ങളുടെ അസ്ഥാനത്തുള്ള കടന്നു കയറ്റവും വിചാരണയും തടയാനായി കോടതിയലക്ഷ്യ നിയമം ഭേദഗതി വരുത്തി മാധ്യമ വിചാരണയെ കോടതിയലക്ഷ്യനടപടിയുടെ പരിധിയിലുൾപ്പെടുത്തി വേണ്ട വിലക്കുകള്‍ ഏര്‍പ്പെടുത്തണമെന്നാണ് നിയമ കമ്മീഷന്റെ കണ്ടെത്തല്‍.


ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായ മാധ്യമങ്ങള്‍ സത്യം പുറത്തു കൊണ്ടുവരാനുള്ള മാര്‍ഗ്ഗദര്‍ശിയായി പ്രവർത്തിക്കേണ്ടതാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകളില്‍ ഇടപെട്ട് വിചാരണ നടത്താതെ സാമൂഹ്യ നന്മയില്‍ അധിഷ്ടിതമായ രീതിയില്‍ പ്രവര്തനങ്ങളിലെര്‍പ്പെടാന്‍ മാധ്യമങ്ങള്‍ പ്രതിജ്ഞാബദ്ധമാണ്. മാധ്യമങ്ങളുടെ വിശ്വാസ്യത പക്ഷപാതപരമാല്ലാത്ത വസ്തുതാപരമായ റിപ്പോര്‍ട്ടിങ്ങില്‍ അധിഷ്ടിതമായിരിക്കുന്നു.മാധ്യമ വിചാരണ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ തീര്‍ച്ചയായും നീതിന്യായ വ്യവസ്ഥയെ ദുര്‍ബ്ബലമാക്കുന്നു. സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദേശങ്ങളുടെ ലക്ഷ്മണ രേഖ മറികടക്കാതെ മാധ്യമങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നിയന്ത്രണ രേഖയില്‍ നിന്നാല്‍ മാത്രമേ നമ്മുടെ നീതിന്യായ വ്യവസ്ഥയെ അതിന്റെ എല്ലാ പവിത്രതയോടും ശക്തിയായി നില നിറുത്താന്‍ സാധിക്കുകയുള്ളൂ.

9 comments:

  1. കോടതി, സത്യങ്ങളെ അല്ല, തെളിവുകളെ ആണ് വിലവെക്കുന്നത് എന്നതാണ് പരമപ്പ്രധാനമായ മറ്റൊരു കാര്യം, അതുകൊണ്ടുതന്നെ ഇടപെടലുകള്‍ എല്ലാകെസുകളിലും ധാരാളം, തെളിവുകള്‍ ഇല്ലാതെ , സാക്ഷികളെ തുടച്ചു നീക്കി, എന്ത് കുറ്റവും ചെയ്യാം എന്നതല്ലേ സത്യം?. പോക്കറ്റടിക്കാരനെ വരെ 8 മാസം റിമാന്‍ഡില്‍ വെക്കുന്നു, കയ്യോടെ പിടിച്ചിട്ടും ആയുധം കയ്യില്‍ വെച്ചവര്‍ പുറത്ത് വിലസുന്നു, വിചാരനത്തടവുകാരനെന്ന പേരില്‍ ആളുകള്‍ ജയിളിനുള്ളിലും അവരുടെ പ്രിയപ്പെട്ടവര്‍ പുറത്തും നരകിക്കുന്നു. നീതിന്യായ വ്യവസ്ഥയിലെ എല്ലാ ഘടകങ്ങളും പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കണം, അത് കോടതി ആയാലും, പോലീസ് ആയാലും , രാഷ്ട്രീയമായാലും പത്രമാധ്യമാങ്ങളായാലും.
    നല്ല ലേഖനം, ആശംസകള്‍ !

    ReplyDelete
  2. Thanks Praveen...What you said is correct ....balance should be maintained

    ReplyDelete
  3. നല്ല ലേഖനം, ആശംസകള്‍ !

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. Niza Mam, this is a very good article.

    ReplyDelete
  6. thnks advct nisa fasil. pls post again like this helpfull article.

    ReplyDelete
  7. Ippozhanu unexpected aayi fb yil madatthinte photo kandathu..chumma unnu kayari nokki..advocate..pinne profile nokkiyappo..blog kandu kayari...very good explanation.We, i mean we need such an advocate,like u in such a public social community to clarify doubts any other social related rules etc...Thanks and wish u all the best for this journey...

    Koode njanumundu oru sahayathrikanayi....Kadhayude,kavithayude,lekhanangalude, sathyathe thirchariyanulla ee yathrayil.........

    ReplyDelete