Wednesday 19 March 2014

മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

       മരിക്കാനുള്ള അവകാശത്തിനായുള്ള നിയമ യുദ്ധം ..........

                                    ദയാവധം അഥവാ Euthanasia എന്നും നിയമപരവും ധാർമികവും ആയി കുഴക്കികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് . ജീവിതത്തിലേയ്ക് തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരർ ആയവരെ മരിക്കാൻ അനുവദിക്കുന്നതാണ് ദയാവധം.മരണത്തിനും ജീവിതത്തിനും ഇടയിലുള്ള നൂൽപാലത്തിൽ വേദനയുടെ സമുദ്രത്തിൽ ആഴ്ന്നു കേഴുന്ന മനുഷ്യ ജീവികളോടുള്ള കരുണ കാണിക്കലാണ്‌ അവരെ രക്ഷപെടുത്തലാണ് ദയാവധം എന്നാണ് ദയാവധത്തെ അനുകൂലിക്കുന്നവരുടെ വാദം.ജീവൻ രക്ഷാമരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും സഹായത്താൽ ജീവൻ നില നിറുത്തുന്നത് അധാർമ്മികം ആണെന്ന് അവർ വാദിക്കുന്നു.എന്നാൽ ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ 21 വകുപ്പും നീതി വ്യവസ്ഥയും ഉറപ്പു നൽകുന്നെന്നും അത് ലംഘിക്കാൻ ആര്ക്കും അവകാശം ഇല്ലെന്നും മറുപക്ഷം.ഇതിനിടയിൽ അഭിപ്രായം പറയാൻ പോലും കെല്പില്ലാതെ കേഴുന്ന മരണം കാത്ത് കിടക്കുന്ന കുറെ മനുഷ്യജീവികൾ.
                                       ലോകത്ത് വിരലിൽ എണ്ണാവുന്ന രാജ്യങ്ങൾ മാത്രമേ ദയാവധം അനുവദിച്ചിട്ടുള്ളൂ.നെതെർലാന്റ് ആണ് ലോകത്ത് ആദ്യമായി ദയാവധം അനുവദിച്ചത് .തുടർന്ന് ബെൽജിയം,സ്വിറ്റ്സെർലന്റ് തുടങ്ങി പല രാജ്യങ്ങളും ദയാവധത്തെ അനുകൂലിച്ചു.മിക്ക രാജ്യങ്ങളിലും ദയാവധത്തെ സംബന്ധിച്ച് വ്യക്തമായ മാർഗരേഖകളുണ്ട്.
ഇന്ത്യയിൽ ദയാവധം അനുവദിക്കണമെന്ന ആവശ്യം പല തവണ ഉയരുകയും പരമോന്നത കോടതിയുടെ പരിഗണനയിൽ എത്തുകയും ചെയ്തിട്ടുണ്ട് .എന്നാൽ ദയാവധത്തിന് എതിരായാണ് നീതി പീഠം നിലയുറപ്പിച്ചിരുന്നത് .

                                      ദയാവധം ഉയർത്തുന്ന ഏറ്റവും പ്രധാന നിയമ പ്രശ്നം ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നോ എന്നുള്ളതാണ് .1994 ലെ രത്തിനം V യുണിയൻ ഓഫ് ഇന്ത്യ എന്നാ കേസിൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം കൂടി ഉൾപെട്ടിരിക്കുന്നു എന്ന് സുപ്രീം കോടതി വ്യക്തമാക്കുകയുണ്ടായി .തുടർന്ന് 1996 ൽ ഗ്യാൻ കൗർ V സ്റ്റേറ്റ് ഓഫ് പഞ്ചാബ് എന്ന കേസിൽ രത്തിനം കേസ് over rule ചെയ്തു ജീവൻ കൊടുക്കാൻ പറ്റില്ല അതിനാൽ ജീവൻ എടുക്കാനും പറ്റില്ല എന്നും അതിനാൽ ജീവിക്കാനുള്ള അവകാശത്തിൽ മരിക്കാനുള്ള അവകാശം ഉൾപെട്ടിട്ടില്ല എന്ന് വ്യക്തമാക്കുകയുണ്ടായി. ദയാവധത്തിനു എതിരായിട്ടുള്ള ഒരു നിയമ പ്രശ്നമായി ഇതു നിലനിൽകുന്നു.
                                         ഇന്ത്യയിൽ ദയാവധം സംബന്ധിച്ച് വളരെയധികം വാർത്ത‍ പ്രാധാന്യം നേടിയ കേസ് ആണ് അരുണ ഷാൻ ബാഗ്‌ കേസ് .പിങ്കി വിരാനി എന്ന പത്ര പ്രവർത്തക "അരുണയുടെ കഥ " എന്ന പേരിൽ പ്രസിദ്ധീകരിച്ച പുസ്തകം തന്നെ വളരെ വാർത്ത‍ പ്രാധാന്യം നേടിയിരുന്നു .ബോംബെ King Edward Memorial ഹോസ്പിറ്റലിൽ നേഴ്സ്
ആയിരുന്ന അരുണ ഷാൻ ബാഗ്‌. 1973 നവംബർ 27 തീയതി വൈകുന്നേരം ജോലി കഴിഞ്ഞു പോകാനൊരുങ്ങിയ അരുണയെ ഹൊസ്പിറ്റലിലെ ഒരു ജീവനക്കാരൻ ബലാൽസംഗത്തിന് ശ്രമിക്കുകയും ഇതിനിടെ പട്ടി ചങ്ങല ഉപയോഗിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തതിനെ തുടർന്ന് അബോധാവസ്ഥയിലായ അരുണ പിന്നീടിന്നു വരെ സ്വബോധാത്തിലെക്കും സാധാരണ ജീവിതത്തിലേക്കും മടങ്ങി വന്നിട്ടില്ല .ചങ്ങല മുറുകിയതിനെ തുടർന്ന് തലച്ചോറിലേക്കുള്ള oxygen വരവ് നിലച്ചതിനെ തുടർന്നാണ് അവരുടെ തലച്ചോർ എന്നെന്നേക്കുമായി പ്രവർത്തനരഹിതമായത് . തുടർന്ന് ഹോസ്പിറ്റൽ അധികാരികൾ അരുണയുടെ സംരക്ഷണം ഏറ്റെടുക്കുകയും ആയതു ഇന്നും തുടർന്ന് വരികയും ചെയ്യുന്നു.ഇതിനിടയിൽ 2011 ൽ അരുണയുടെ കഥ എഴുതിയ പിങ്കി വിരാനി അരുണയുടെ ജീവൻ നില നിറുത്തുന്നത് മൂക്കിലൂടെ ദ്രവ രൂപത്തിൽ നൽകുന്ന ആഹാരത്തിൽ കൂടി ആണെന്നും ആകയാൽ അരുണയ്ക് നൽകുന്ന സപ്പോർട്ട് ആയ ആഹാരം നിറുത്തി ദയാവധം സാധ്യമാക്കണം എന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചു.
                                              സുപ്രീം കോടതി ഈ കേസിൽ ദയാവധത്തിന്റെ എല്ലാ തലങ്ങളും വിശദമായി പരിശോധിച്ചു.ദയാവധം പ്രധാനമായും 4 തരമുണ്ട്
1.സക്രിയ ദയാവധം (Active Euthanesia ) .
2.നിഷ്ക്രിയ ദയാവധം (Passive Euthanesia ).
3.സ്വമേധയ ഉള്ള ദയാവധം(Voluntary Euthanesia ).
4.സ്വമേധയ അല്ലാത്ത ദയാവധം (Involuntary Euthanesia ).
                                             സക്രിയ ദയാവധം (Active Euthanesia ) നിയമ വിരുദ്ധവും ഇന്ത്യൻ ശിക്ഷ നിയമം 302 അല്ലെങ്കിൽ 304 വകുപ്പുകൾ പ്രകാരം കുറ്റകരവുമാണ് ,എന്നാൽ ജീവൻ രക്ഷാ മരുന്നുകളോ ,ഉപകരണങ്ങളോ മാറ്റുന്നത് വഴി മരണം സംഭവിക്കുന്ന നിഷ്ക്രിയ ദയാവധം നിയമങ്ങൾക്ക് എതിരല്ല .എങ്കിലും മാർഗ രേഖകൾ അനുസരിച്ചേ ഇതും അനുവദനീയം ആകുകയുള്ളൂ.അരുണയുടെ കേസിലും നിഷ്ക്രിയ ദയാവധം അനുവദിക്കുകയും സക്രിയ ദയാവധത്തിന് അനുമതി നിഷേധിക്കുകയും ചെയ്തു.ഈ വിധി ന്യായം ദയാവധത്തെ കുറിച്ച് വ്യക്തമായ ധാരണകൾ നൽകാതെ കുറെ അവ്യക്തതകൾ അവശേഷിപ്പിക്കുകയുണ്ടായി .
                                                         തുടർന്ന് ദയാവധം സംബധിച്ച് വ്യക്തമായ നിയമാവലികൾ ഉണ്ടാക്കണമെന്നും ജീവൻ രക്ഷാ മരുന്നുകളുടെയും ,ഉപകരണങ്ങളുടെയും സഹായത്താൽ മാത്രം ജീവൻ നില നിറുത്തുന്നവർക്ക് ദയാവധം അനുവദിക്കണമെന്നും ആവശ്യപ്പെട്ടു Common Cause എന്ന NGO സുപ്രീം കോടതിയെ സമീപിച്ചു.അത് പോലെ തന്നെ തിരിച്ചു വരാൻ ആകാത്ത വിധം രോഗാതുരൻ ആണെന്ന് മനസ്സിലാക്കുന്ന രോഗി സ്വബോധത്തിൽ ഒരു വിൽ പത്രം തയ്യാറാക്കി അതിൽ ദയാവധം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടാൽ ആയത്‌ അനുവദിക്കണമെന്നും ഈ കേസില ഹർജിക്കാർ വാദിച്ചു .എന്നാൽ ദയാവധം ഇന്ത്യം മൂല്യങ്ങൾക്ക് എതിരാണെന്നും ധാർമ്മികമായി ഭാരത സംസ്കാരം ദയാവധം അംഗീകരിക്കുന്നില്ലെന്നും ദയാവധം അംഗീകരിക്കുന്നത്‌ ആത്മഹത്യ അനുവദിക്കുന്നതിന് തുല്യമാണെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ വാദിച്ചു.അന്തസ്സായി ജീവിക്കാനുള്ള അവകാശത്തിൽ അന്തസ്സായി മരിക്കാനുള്ള അവകാശവും ഉൾപ്പെട്ടിരികുന്നു എന്നൊരു സുപ്രധാന കണ്ടെത്തൽ നടത്തി കോടതി ഈ കേസിൽ.എന്നാൽ ഭരണഘടനാ പരമായ പ്രശ്നങ്ങൾ ഉള്ളതിനാൽ തീരുമാനം എടുക്കാനാവില്ല എന്ന് കണ്ടെത്തി ചീഫ് ജസ്റ്റിസ്‌ സദാശിവം ഉൾപ്പെട്ട മൂന്നംഗ ബെഞ്ച്‌ കേസ് ഭരണഘടനാ ബെഞ്ചിനു റെഫർ ചെയ്തു .
                                                          വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ട ഒരു വിഷയം ആണിത് .അല്ലെങ്ങിൽ നിയമത്തിൻറെ പിൻബലത്തിൽ വൃദ്ധ ജനങ്ങളും അശരണരും കൊല ചെയ്യപ്പെടുന്നതിനുള്ള ഒരു ലൈസൻസ് ആയി ദയാവധം ദുരുപയോഗിക്കപ്പെടും .എക്കാലവും വൈദ്യശാസ്ത്രത്തിനും നിയമത്തിനും ഉത്തരം കിട്ടാത്ത സമസ്യയായി തുടരുന്ന ദയാവധം സംബധിച്ച് വ്യക്തമായ ഒരു ഉത്തരം ഭരണഘടനാ ബെഞ്ചിൽ നിന്നും പ്രതീക്ഷിച്ച്‌ ഇരിക്കുകയാണ് നാമിപ്പോൾ.സമൂഹത്തിന്റെ മൂല്യബോധവും ,ധാർമികതയും സൃഷ്ടിക്കുന്ന എതിർപ്പുകൾ അതി ജീവിച്ച്‌ മാനുഷികമായ ഒരു തീരുമാനം ഉണ്ടാകുമെന്ന് പ്രത്യാശിക്കാം. .

3 comments:

  1. നിയമത്തെ ഇത്രയധികം ദുരുപയോഗം ചെയ്യുന്ന ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളില്‍ ദയാവധം അനുവദിക്കുന്നത് ഭസ്മാസുരന് വരം കിട്ടിയപോലെ ആവുകയില്ലേ?

    (അരുണ ഷാന്‍ ബാഗിന്റെ വാര്‍ത്ത നാലഞ്ച് വര്‍ഷം മുമ്പ് മാദ്ധ്യമം സപ്ലിമെന്റില്‍ ആണ് ആദ്യമായി വായിച്ചത്. ആ കേസിലെ പ്രതി ഇപ്പോള്‍ എവിടെയാണ്?‌)

    ReplyDelete
    Replies
    1. ദുരുപയോഗം തടഞ്ഞു ...മാർഗ രേഖകളോടെ .....നരക യാതന അനുഭവിക്കുന്നവർക്കൊരു മോചനം .....അരുണയുടെ കേസിലെ പ്രതി ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി ജീവിക്കുന്നു

      Delete
  2. vedanayulla kadhayaanelum nalla arivu dear eththaaaaaaaaa

    ReplyDelete